s

ശവക്കോട്ടപ്പാലം പുനർനിർമ്മാണം വേഗത്തിൽ

ആലപ്പുഴ: നഗരവികസനത്തിന്റെ ഭാഗമായി കിഫ്ബിയിൽ ഉൾപ്പെടുത്തി കൊമ്മാടിപ്പാലം പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഈ പാലത്തിനൊപ്പം, വീതികൂട്ടൽ പുരോഗമിക്കുന്ന ശവക്കോട്ടപ്പാലവും രണ്ട് പാലങ്ങളും ബന്ധിപ്പിക്കുന്ന റോഡും ജൂണിൽ കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. 28.45 കോടിയുടേതാണ് പദ്ധതികൾ.

നിലവിലെ പാലം പൊളിച്ചു നീക്കുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. കുറ്റിക്കാടുകൾ നീക്കം ചെയ്ത് പൊളിക്കുന്നതിനുള്ള യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികളാണ് നടന്നത്. പൂർണ്ണമായും പൊളിക്കുന്ന ജോലികൾ ഇന്ന് തുടങ്ങും. വീതികൂടിയ പാലം വരുന്നതോടെ ചേർത്തല ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശിച്ച് എ.എസ് കനാലിന്റെ കരയിലൂടെ നഗരത്തിലെത്താം. നഗരത്തിന്റെ വടക്കൻ മേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. ദേശീയപാത വിട്ട് നഗരത്തിൽ വേഗമെത്താൻ കഴിയുന്ന പ്രധാന പാതകളിൽ ഒന്നാണ് കൊമ്മാടി-കൈചൂണ്ടി മുക്ക് റോഡ്. പാലം പൊളിക്കൽ തീർന്നാൽ ഉടൻ പൈലിംഗ് ജോലികൾ ആരംഭിക്കും.ഏകദേശം 60 മീറ്റർ താഴ്ചയിൽ 12 പൈലുകളാണ് വേണ്ടത്. എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിലെ റോഡ് 11 മീറ്റർ വീതിയിൽ പുതുക്കി കാനയുടെയും നടപ്പാതയുടെയും പണികൾ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. നിലവിൽ ഏഴ് മീറ്ററിലാണ് കൊമ്മാടിപ്പാലം.

പുതിയ കൊമ്മാടിപ്പാലം

 29 മീറ്റർ നീളം, 14 മീറ്റർ വീതി

 ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാത

........................................

ബീം നിർമ്മാണത്തിനു തുടക്കം

ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ഇരുകരകളിലെയും പൈലിംഗ് പൂർത്തികരിച്ച് ബീം നിർമ്മാണം ആരംഭിച്ചു. 13 ബീമുകളിൽ അഞ്ചെണ്ണം പൂർത്തിയായി. 2019 ഡിസംബറിലായിരുന്നു പുനർനിർമ്മാണത്തിന്റെ തുടക്കം. ശേഷിക്കുന്ന എട്ടെണ്ണം മേയിൽ പൂർത്തീകരിക്കും. മുകൾ ഭാഗത്ത് സ്ളാബ് ഘടിപ്പിക്കുന്നതും അപ്രോച്ച് റോഡ് നിർമ്മാണവും ജൂണിന് മുമ്പ് തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. അപ്രോച്ച് റോഡിനായി ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റ് ഏറ്റെടുക്കൽ വൈകുന്നത് കാലതാമസത്തിന് വഴിയോരുക്കുമോ എന്ന ആശങ്കയുണ്ട്. ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്ററുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പുതിയ പാലത്തിന്റെ പദ്ധതി തയ്യാറാക്കിയത്.

ശവക്കോട്ടപ്പാലം

 26 മീറ്റർ നീളം, 12 മീറ്റർ വീതി

 1.5 മീറ്റർ വീതം ഇരുവശവും നടപ്പാത

 ഏറ്റെടുക്കേണ്ടത് 24.14 സെന്റ്

.......................................

സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിക്കുകയും മറ്റ് സാങ്കേതിക തടസങ്ങൾ ഉണ്ടാവാതിരിക്കുകയും ചെയ്താൽ ശവക്കോട്ട,കൊമ്മാടി പാലങ്ങളും ശവക്കോട്ടപ്പാലത്തിന് സമാന്തരമായ നടപ്പാലവും എ.എസ് കനാലിന്റെ പടിഞ്ഞാറേക്കരയിൽ മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടിപ്പാലം വരെ സംരക്ഷണഭിത്തിയുൾപ്പെടെയുള്ള റോഡിന്റെ പുനർ നിർമ്മാണവും ജൂണിൽ പൂർത്തീകരിക്കും.

പൊതുമരാമത്ത് വകുപ്പ് അധികൃതർ