
ആലപ്പുഴ: എടത്വായിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ നിന്നും മടങ്ങുമ്പോൾ സന്തോഷം കൊണ്ട് ഉഷയുടെ കണ്ണ് നിറഞ്ഞിരുന്നു. കാൻസർ രോഗിയായ പറവൂർ സ്വദേശി ഉഷ ഹരിദാസിനു കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന അദാലത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലായിരുന്നു. ഏറെ പ്രതീക്ഷയോടെ ഇന്നലെ എടത്വ സെന്റ് അലോഷ്യസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ എത്തിയ ഇവർ മന്ത്രി ജി.സുധാകരനെ നേരിൽ കണ്ട് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിച്ചു. ഉടനടി മന്ത്രി അവസ്ഥകൾ ചോദിച്ചറിഞ്ഞു പരിഹാരം നിർദ്ദേശ്രച്ചു.
തുടക്കത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 25000 രൂപയുടെ ധനസഹായമാണ് ഇവർക്ക് അനുവദിച്ചത്. എട്ട് വർഷമായി കാൻസർ രോഗ ബാധിതയാണ്. തുടക്കത്തിൽ ഉഷതൊഴിലുറപ്പ് ജോലികൾക്ക് പോയിരുന്നെങ്കിലും ആരോഗ്യം മോശമായതിനെ തുടർന്ന് അവസാനിപ്പിച്ചു. ഭർത്താവിനു കൂലിപ്പണിയാണ്. അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സുമനസ്സുകളുടെ സഹായത്തോടെയാണ് ജീവിച്ചു പോകുന്നത്. അദാലത്തിൽ അപേക്ഷ പരിഗണിച്ച മന്ത്രിമാർ ഉടൻ തന്നെ ചികിത്സാസഹായം അനുവദിക്കുകയായിരുന്നു.