
വാഹനങ്ങളിലെ വേഗപ്പൂട്ടിന്റെ ക്ഷമത പരിശോധിക്കുന്നില്ല
ആലപ്പുഴ: മരണപ്പാച്ചിലിനു തടയിടാൻ വാഹനങ്ങളിൽ ഏർപ്പെടുത്തിയ വേഗപ്പൂട്ട് അഴിച്ചുമാറ്റിയും പ്രവർത്തന ക്ഷമത ഇല്ലാതാക്കിയുമുള്ള തട്ടിപ്പ് വ്യാപകം. ഒട്ടുമിക്ക വാഹനങ്ങളിലും ടെസ്റ്റിന്റെ സമയത്തു മാത്രമാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്.
40 ശതമാനം വാഹനങ്ങൾ മാത്രമാണ് വേഗപ്പൂട്ട് നിയമം കൃത്യമായി പാലിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. പലപ്പോഴും, അപകടമുണ്ടാകുമ്പോൾ മാത്രമാണ് വേഗപ്പൂട്ട് പരിശോധന കർശനമാക്കുന്നത്. രാത്രികാലങ്ങളിൽ അമിത വേഗത്തിലാണ് തടിലോറികളും ടിപ്പറുകൾ പായുന്നത്. പരിശോധന കർശനമല്ലെങ്കിലും അപകടമുണ്ടാകുമ്പോൾ വേഗപ്പൂട്ട് ഇല്ലെന്ന കാരണത്താൽ കേസ് എടുക്കുന്നുണ്ട്. ഋഷിരാജ് സിംഗ് ഗതാഗത കമ്മിഷണറായിരുന്ന സമയത്താണ് പരിശോധന കർശനമാക്കിയത്.
വേഗം മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടാതിരിക്കാനാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. ഇത് പ്രവർത്തിക്കുന്നുണ്ടോ എന്നത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ വാഹനം ഓടിച്ചു വിലയിരുത്തണം. എന്നാൽ സ്‌പെഷ്യൽ ഡ്രൈവ് നടക്കാറില്ല.
ദിനംപ്രതി നടക്കുന്ന പരിശോധനകളിൽ ഇതും നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറയിൽ അമിതവേഗത്തിനു കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നതിൽ നിന്നുതന്നെ വ്യക്തമാകും, വേഗപ്പൂട്ടിന്റെ പോരായ്മ.
ഉപകരണമില്ല
ചരക്ക് വാഹനങ്ങൾ, എട്ട് സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങൾ എന്നിവയ്ക്കാണ് വേഗപ്പൂട്ട് വേണ്ടത്. ഇവ നിർമ്മിക്കുന്ന കമ്പനികൾ തന്നെ അതു പരിശോധിക്കാനുള്ള ഉപകരണം ഓരോ ആർ.ടി ഓഫിസിലും നൽകണമെന്നാണു സർക്കാർ ഉത്തരവ്. പക്ഷേ, ഈ ഉപകരണം മിക്ക ഓഫീസിലുമില്ല. 2017 മുതൽ ഇറങ്ങിയ വാഹനങ്ങളിൽ വേഗപ്പൂട്ട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവ പ്രവർത്തന ക്ഷമമാണോ എന്ന് ഫിറ്റ്‌നസ് പുതുക്കുമ്പോൾ മാത്രമാണു പരിശോധിക്കുന്നത്. ഈ വാഹനങ്ങളിൽ ഇത്തരത്തിലുള്ള വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദിത്തം വാഹന നിർമ്മാണ കമ്പനിക്കും അംഗീകൃത ഏജൻസിക്കുമാണെങ്കിലും നിയമ നടപടികൾ കൃത്യമായി നടക്കുന്നില്ല.
തോന്നുംപടി ചെയ്യാം
പഴയ വാഹനങ്ങളിൽ ഫിറ്റ്‌നസ് പുതുക്കുമ്പോൾ മാത്രമാണ് വേഗപ്പൂട്ട് പരിശോധിക്കുന്നത്. പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്നു മാത്രമാണ് പരിശോധന. ക്ഷമത പരിശോധിക്കാറില്ല. ആവശ്യാനുസരണം ബന്ധം വേർപെടുത്താൻ കഴിയുന്ന വേഗപ്പൂട്ടുകളും ഇപ്പോൾ വിപണിയിലുണ്ട്. പരിശോധന സമയത്ത് ഡ്രൈവർക്കു തന്നെ ഇത് ബന്ധിപ്പിക്കാം.
......................................
# പിഴ ഇങ്ങനെ
മീഡിയം/ ഹെവി വാഹനങ്ങൾ: ₹ 7500
ചെറിയ വാഹനങ്ങൾ: ₹ 3000
(പിഴ വാങ്ങുന്നവർ വേഗപ്പൂട്ട് ഘടിപ്പിച്ച് അതത് ആർ.ടി ഓഫീസുകളിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. കുറ്റം രണ്ടു തവണയിൽ കൂടുതൽ ആവർത്തിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും.)
..................................
വാഹനങ്ങളിൽ വേഗപ്പൂട്ട് പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഒരു വിഭാഗം ഈ നിയമം ലംഘിക്കുന്നുണ്ട്. ടെസ്റ്റിന് എത്തുമ്പോൾ പേരിന് വേഗപ്പൂട്ട് ഘടിപ്പിക്കും. പിന്നീട് ഇതിന്റെ ബന്ധം വേർപ്പെടുത്തും. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും
(മോട്ടോർ വാഹന വകുപ്പ് അധികൃതർ)