
തെങ്ങുകൾ നശിക്കുന്നു
ആലപ്പുഴ: തെങ്ങിൻതലപ്പിൽ നാശമുണ്ടാക്കുന്ന പൂങ്കുലച്ചാഴികൾ കേരകർഷകർക്ക് തലവേദനയാവുന്നു. പൂക്കുലകളുടെ നീര് ഊറ്റിക്കുടിക്കുന്ന ഇവ നിമിത്തം മച്ചിങ്ങ മുതൽ കരിക്ക് വരെ വാടി വീഴുകയാണ്.
തെങ്ങിന്റെ പൂക്കുലയിലും മച്ചിങ്ങയിലും കരിക്കുകളിലുമാണ് പൂങ്കുലച്ചാഴികൾ പറ്റിപ്പിടിച്ചിരുന്ന് നീര് ഊറ്റിക്കുടിക്കുന്നത്. മുമ്പും ചാഴികളുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ്. ചൂടും തണുപ്പും ഇടകലർന്ന കാലാവസ്ഥയാണ് കാരണമെന്ന് കൃഷി വിദഗ്ദ്ധർ പറയുന്നു. അത്യുത്പാദന ശേഷിയുള്ള കുള്ളൻ തെങ്ങുകളിലാണ് ചാഴികൾ കൂടുതൽ നാശമുണ്ടാക്കുന്നത്.
പൂക്കളേക്കാൾ നാശമുണ്ടാകുന്നത് മച്ചിങ്ങകളിലാണ്. കീടങ്ങൾ നീരൂറ്റി കുടിക്കുമ്പോൾ ഉമിനീര് കടന്നാണ് മച്ചിങ്ങകൾ വാടി കൊഴിയുന്നത്. കൊഴിയാത്തവ വളരുന്തോറും തൊണ്ടിൽ കുഴികളും വിള്ളലുകളും രൂപപ്പെട്ട് വികൃതമാകും. പേടായി മാറുകയും ചെയ്യും. തേങ്ങയുടെ വലിപ്പം കുറയാനും ഇതു കാരണമാകുന്നു. കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കൾ, മണ്ഡരി, മീലിമൂട്ട, ചൊറിയൻ പുഴുക്കൾ തുടങ്ങിയ കീടങ്ങളും തെങ്ങുകൾക്ക് ഭീഷണിയാണ്.
തുരിശും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള മരുന്നാണ്.
പൂങ്കുലച്ചാഴി
പ്രാണികളിലെ വലിയൊരു കുടുംബമാണ് പൂങ്കുലച്ചാഴികൾ. 250 ജനുസുകളിലായി 1800 ഓളം ഇനം പൂങ്കുലച്ചാഴികൾ ലോകത്തുണ്ട്. സാധാരണ ഗതിയിൽ ഇവയുടെ വലിപ്പം 7 മില്ലിമീറ്റർ മുതൽ 40 മില്ലിമീറ്റർ വരെയാണ്. സസ്യങ്ങളുടെ സ്രവമാണ് ഭക്ഷണം. തെങ്ങിലെ മച്ചിങ്ങ, ക്ലാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. ഇളം കോശത്തിൽ നിന്ന് നീരൂറ്റി കുടിക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ, കുരുടിച്ച തേങ്ങ എന്നിവയ്ക്ക് കാരണമാകും.
പ്രതിവിധി
അസാഡിറാക്ടിൻ 300 പി.പി.എം കലർന്ന ജൈവ കീടനാശിനിയായ നിംബിസിഡിൻ ഒരു ലിറ്റർ വെള്ളത്തിൽ 13 മില്ലി ലിറ്റർ ചേർത്ത് ഇളം കുലകളിൽ തളിച്ച് കീടത്തെ നിയന്ത്രിക്കാം. ആവശ്യമെങ്കിൽ ഒരു മാസം കഴിഞ്ഞ് മരുന്നുതുള്ളി ആവർത്തിക്കാം.
.........................
കേരളത്തിൽ ആദ്യകാലങ്ങളിൽ പൂങ്കുലച്ചാഴി ആക്രമണം വിരളമായിരുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം ശല്യം രൂക്ഷമാണ്. ചാഴി ആക്രമണം കർഷകർക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്
(കേര കർഷക സഘം)
.