
ആലപ്പുഴ: വിവിധ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പാക്കേണ്ട ജില്ലാ സാമൂഹികനീതി ഓഫീസർ തസ്തികയിൽ ആളൊഴിഞ്ഞിട്ട് മാസങ്ങളാവുന്നു. ആളെത്തുമെന്ന അറിയിപ്പല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർർ, എച്ച്.ഐ.വി ബാധിതർ, അഗതികൾ തുടങ്ങി സമൂഹത്തിൽ പിന്തുണ വേണ്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതു ജില്ലാ സാമൂഹികനീതി ഓഫീസുകൾ വഴിയാണ്. ഓഫീസർ തസ്തികയിൽ അധിക ചുമതല വഹിച്ചാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം കാണുന്നത്. പ്രധാനപ്പെട്ട തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ജില്ലയ്ക്ക് ലഭ്യമാകേണ്ട പല ആനുകൂല്യങ്ങളും നഷ്ടമാക്കും. പി.എസ്.സി വിജ്ഞാപനത്തിലെ സാമൂഹിക നീതി ഒാഫീസർ തസ്തികയിലേക്ക് നിരവധി ഉദ്യോഗാർത്ഥികൾ അപേക്ഷ അയച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് കാരണം പരീക്ഷ ഇതുവരെ നടന്നില്ല. സാമൂഹിക നീതി വകുപ്പിന് കോടിക്കണക്കിനു രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും നിലവിൽ പ്രയോജനമില്ലാത്ത അവസ്ഥയാണ്. കൊവിഡ് ബാധിക്കാൻ സാദ്ധ്യതയേറിയ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹികനീതി വകുപ്പ് നടത്തുമ്പോഴും ഓഫീസർമാരില്ലാത്തതു മൂലം പദ്ധതിയുടെ ഗുണം പലർക്കും എത്തുന്നില്ല.
മറ്റൊരു വകുപ്പിലും ഇത്രയും കാലം ജില്ലാതല മേധാവികളുടെ തസ്തിക ഒഴിഞ്ഞു കിടന്നിട്ടില്ല. സാമൂഹിക നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞതോടെയാണു പ്രതിസന്ധി തുടങ്ങിയത്. വിഭജനത്തിൽ മുമ്പുണ്ടായിരുന്നവരിൽ ഏറെയും വനിതാ ശിശു വികസന ഓഫീസർമാരായി മാറി. ഇതോടെ സാമൂഹികനീതി ഓഫീസർ തസ്തികയിൽ ആളില്ലാതായി.
വിഭജനം
സംസ്ഥാനത്ത് കോഴിക്കോട്ട് മാത്രമാണ് സാമൂഹിക നീതി ഓഫീസറുള്ളത്. ആലപ്പുഴ ഉൾപ്പടെ മറ്റ് ജില്ലകളിൽ ഓഫീസറുടെ അധിക ചുമതലയാണ് വഹിക്കുന്നത്. രണ്ട് വർഷം മുമ്പ് വകുപ്പു വിഭജനത്തെ തുടർന്നു വനിത - ശിശു വികസന വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും സ്ഥാനക്കയറ്റ നടപടികൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. വനിത, ശിശു വികസന വകുപ്പിൽ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും സാമൂഹികനീതി ഓഫീസർ തസ്തികയിലെ ഒഴിവുകൾ പരിഗണിച്ചില്ല. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുമ്പ് നടപടിയുണ്ടായില്ലെങ്കിൽ ഒഴിഞ്ഞ കസേരകൾ ഇതു പോലെ തുടരും.