
ആലപ്പുഴ : വേമ്പനാട്ട് കായലിൽ മഴക്കാലത്ത് വളർന്നു വന്ന പോള മത്സ്യ സമ്പത്തിന് ഭീഷണിയാകുന്നു. വായു സഞ്ചാരം പോലും ഇല്ലാത്തവിധത്തിൽ പോള തിങ്ങിയതിനാൽ മത്സ്യങ്ങൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ ചത്തു പോകുമെന്നാണ് ആശങ്ക. കായൽജലത്തിൽ ഉപ്പിന്റെ അംശം കൂടിയതോടെ പോള ചീഞ്ഞ് ദുർഗന്ധം വമിക്കുന്നുമുണ്ട്. ജില്ലയിൽ അരൂർ മേഖലയിലാണ് പോളശല്യം കൂടുതൽ.
ഇവിടെ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് അപകടകരമായ അവസ്ഥയിലേക്ക് കുറയുന്നതായും കണ്ടെത്തി. കായലിന്റെ ചില ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി. നീരൊഴുക്ക് ഇല്ലാത്തതിനാൽ വെള്ളം മലിനമാകുന്നതും മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്നു. വർഷം തോറും പോള നീക്കം ചെയ്യാൻ സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
മീനുകളെ കാണാനില്ല!
പോള ശല്യം മൂലം കോല, മുതുക്കുല, ആരകൻ, പൂഞ്ഞുണ്ണാൻ, കരിങ്കണ്ണാച്ചി, വട്ടാൻ, വലഞ്ഞിൽ, തൊമ്മ തുടങ്ങിയ ചെറുമീനുകൾ പേരിനു പോലും ഇല്ലാത്ത സ്ഥിതിയായി. ഫിഷറീസ് വകുപ്പ് നിക്ഷേപിക്കുന്ന വളർത്തുമത്സ്യങ്ങളാണ് കായലിൽ ഇപ്പോൾ കൂടുതലും. നിക്ഷേപിക്കുന്ന മത്സ്യത്തിന്റെ നാലിലൊന്നു പോലും വളരുന്നില്ലെന്നും പരാതിയുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽപ്പെടുത്തി പോള വാരി അതിൽ നിന്നു ജൈവവളം ഉത്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാൻ കഴിയാതെ പോയതാണ് വേമ്പനാട്ടുകായലിൽ പോള തിങ്ങി നിറയാൻ കാരണം.
വേമ്പനാട് കായലിൽ പോളയുടെ അമിത സാന്നിദ്ധ്യം അപകടകരമായ രീതിയിൽ ഉയരുകയാണ്. പോള തിങ്ങി നിറഞ്ഞുകിടക്കുന്നത് മത്സ്യങ്ങളുടെ വംശനാശത്തിനുപോലും ഇടയാക്കിയേക്കും. പ്രജനനത്തെയും ബാധിക്കും.
ചന്ദ്രൻ
മത്സ്യത്തൊഴിലാളി,
അരൂർ