
പ്ളസ്ടു പ്രാക്ടിക്കൽ ക്ളാസുകൾ മുടങ്ങി
ആലപ്പുഴ: അവസാനവർഷ പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങാനാവാതെ പ്ളസ്ടു മേഖല. മുൻവർഷങ്ങളിൽ ഫെബ്രുവരി പകുതിയോടെ, എഴുത്തു പരീക്ഷയ്ക്ക് മുമ്പേ നടത്തിയിരുന്ന പ്രായോഗിക പരീക്ഷ ഇത്തവണ മാർച്ചിലെ പൊതുപരീക്ഷയ്ക്ക് ശേഷം ഏപ്രിലിൽ നടത്താനാണ് ഹയർ സെക്കൻഡറി വകുപ്പ് ലക്ഷ്യമിടുന്നത്.
എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച പുതിയ സിലബസിൽ സ്കൂളുകളിൽ പ്രായോഗിക പഠനം തുടങ്ങേണ്ടത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. മാറ്റങ്ങൾ ഉൾപ്പെടുത്തിയ പുതിയ സിലബസ് ഹയർ സെക്കൻഡറി പോർട്ടലിൽ വന്നിട്ടില്ല. പരീക്ഷണ പാഠങ്ങൾ കുറച്ചു. പരീക്ഷാചോദ്യങ്ങളിലും ചില മാറ്റങ്ങൾ വരുത്തി. രക്തം ഉപയോഗിച്ചും വായിലെ കോശങ്ങൾ ശേഖരിച്ചും നടത്തുന്ന പരീക്ഷണങ്ങൾ ജന്തുശാസ്ത്രത്തിൽ ഒഴിവാക്കി. രസതന്ത്രത്തിൽ ഒരേ ബ്യൂററ്റും പിപ്പറ്റും ഒന്നിലേറെ കുട്ടികൾ ഉപയോഗിക്കേണ്ടിവരും.
ബോട്ടണിയിൽ ഒരേ മൈക്രോസ്കോപ്പിൽ ഒന്നിലേറെ കുട്ടികൾ നോക്കേണ്ടിവരും. ഒരാൾ കണ്ണ് വയ്ക്കുന്നിടം മറ്റുള്ളവരും ഉപയോഗിക്കും. ഹയർസെക്കൻഡറിയിൽ ആദ്യമായി കണക്ക് വിഷയത്തിലും ഈ വർഷം പ്രായോഗിക പരീക്ഷ നടക്കുന്നുണ്ട്. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷയിൽ ഒരേ കമ്പ്യൂട്ടർ തന്നെ ഒന്നിലേറെ കുട്ടികൾ ഉപയോഗിക്കേണ്ടിവരും. പ്രായോഗിക പരീക്ഷയെ കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ലാത്തതിനാൽ റെക്കോർഡ് തയ്യാറാക്കാനും കുട്ടികൾക്ക് കഴിയുന്നില്ല.
ഒരു ബയോളജിക്കൽ സയൻസ് കുട്ടിക്ക് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കണക്ക്, സുവോളജി എന്നീ വിഷയങ്ങളിലായി അഞ്ചു റെക്കോർഡുകൾ തയ്യാറാക്കേണ്ടതുണ്ട്. മാർച്ച് അവസാനം എഴുത്തുപരീക്ഷ തീർന്നശേഷം ഏപ്രിൽ ആദ്യം പ്രായോഗിക പരീക്ഷ തുടങ്ങിയാൽ തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം കിട്ടുമോ എന്ന ആശങ്ക അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുണ്ട്. ചുരുക്കം ചില സ്കൂളുകളിൽ നിർദേശത്തിന് കാത്തുനിൽക്കാതെ നിലവിലെ റിവിഷൻ പഠനത്തോടൊപ്പം പ്രായോഗിക ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
സീറോ അക്കാഡമിക്ക് ഇയർ
ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളുടെ അദ്ധ്യയനം പൂർണമായും ഓൺലൈനിൽ ഒതുങ്ങിയ പശ്ചാത്തലത്തിൽ, വരും വർഷം സ്കൂളിനെ ആശ്രയിക്കാതെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സീറോ അക്കാഡമിക്ക് രീതിയിലേക്ക് വഴി മാറാൻ പല രക്ഷിതാക്കളും തയ്യാറെടുക്കുന്നു. അടുത്ത അദ്ധ്യയന വർഷവും സ്കൂൾ തുറക്കാൻ സാദ്ധ്യതയില്ലെങ്കിൽ വീട്ടിലിരുന്നും ട്യൂഷൻ വഴിയും കുട്ടികൾ അറിവ് നേടട്ടെ എന്നാണ് പലരും തീരുമാനിച്ചിരിക്കുന്നത്. സ്കൂൾ ഫീസ്, തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ, അസൈൻമെന്റുകൾ എന്നിവയിൽ നിന്നു കുട്ടിയെ ഒഴിവാക്കാനും സാധിക്കും. സ്കൂളിൽ ചേരാൻ താത്പര്യമുള്ളപ്പോൾ കുട്ടിയുടെ പ്രായമനുസരിച്ചുള്ള ക്ലാസിലേക്ക് പ്രവേശനം നേടാം.
..............................
എസ്.സി.ഇ.ആർ.ടി പുതുക്കിയ സിലബസ് അനുസരിച്ച് സ്കൂളിൽ എന്ന് പ്രായോഗിക പഠനം ആരംഭിക്കണമെന്ന് ഹയർ സെക്കൻഡറി വകുപ്പ് അടിയന്തിരമായി വ്യക്തമാക്കണം. ചീഫുമാരായി 14 ജില്ലകളിലും പ്രവർത്തിച്ചു വരുന്ന വിവിധ വിഷയങ്ങളിലെ അദ്ധ്യാപകരുടെയോ ഓരോ വിഷയത്തിലെയും സംസ്ഥാന ചെയർമാൻമാരുടെയോ നിർദ്ദേശങ്ങൾ സിലബസ് പരിഷ്കരണത്തിന് തേടിയിരുന്നില്ല
എസ്.മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി,
എ.എച്ച്.എസ്.ടി.എ