s

ആലപ്പുഴ: കുട്ടനാട് - അപ്പർകുട്ടനാട് മേഖലകളിൽ 584 പാടശേഖരങ്ങളിലായി 27,532 ഹെക്ടറിൽ നടത്തിയ പുഞ്ചക്കൃഷിയുടെ കൊയ്ത്തിന് തുടക്കമാവുന്നു.

ആദ്യം വിത നടത്തിയ അമ്പലപ്പുഴ, ചമ്പക്കുളം ഭാഗങ്ങളിലെ ചില പാടശേഖരങ്ങളിൽ ഈ മാസം തുടക്കത്തിൽ വിളവെടുപ്പ് ആരംഭിച്ചു. മേയ് പകുതിയോടെ പുഞ്ച വിളവെടുപ്പ് പൂർത്തീകരിക്കും. കൊവിഡ് മാനദണ്ഡം അനുസരിച്ചുള്ള വിളവെടുപ്പ് വേഗത്തിൽ നടത്താനും ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാനും നെല്ല് സംഭരണം പൂർത്തീകരിക്കാനും ക്രമീകരണം ഒരുക്കാനായി 12ന് കളക്ടറേറ്റിൽ ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്.

പുഞ്ചക്കൃഷി തുടങ്ങിയപ്പോൾ മഴയായിരുന്നതിനാൽ എല്ലാ പാടത്തും ഒരേ പോലെ വിളവെടുപ്പിനുള്ള സാഹചര്യം ഇത്തവണം ഒഴിവാകുമെന്നതും ആശ്വാസം പകരുന്നു. വെള്ളപ്പൊക്കം, മുഞ്ഞ, ഓലചുരുട്ടി, ഓരുജലം, വേലിയേറ്റം എന്നീ പ്രതികൂല അവസ്ഥകളെ അതിജീവിച്ചാണ് വിളവെടുപ്പ്. കാലംതെറ്റി മഴയെത്തിയാൽ കണക്കുകൂട്ടലുകൾ അസ്ഥാനത്താവും. കഴിഞ്ഞ ഡിസംബർ 31നാണ് രണ്ടാം കൃഷിയുടെ വിളവെടുപ്പ് അവസാനിച്ചത്. ശേഷിച്ച നെല്ല് സംഭരിച്ചു കൊണ്ടിരിക്കുന്നത് പുഞ്ചക്കൃഷിയുടെ അക്കൗണ്ടിലാണ്. രണ്ടാം കൃഷിയുടെ സംഭരണത്തിന് ചുമതലപ്പെടുത്തിയ 46 മില്ലുകൾക്കാണ് ഇത്തവണയും സംഭരണ ചുമതല. പുതിയ മില്ലുകളെ ഉൾപ്പെടുത്തുന്ന കാര്യം ഉന്നതതല യോഗം തീരുമാനിക്കും.

വേലിയേറ്റത്തിൽ തോടുകളിൽ കയറിയ ഓരുജലം പൂർണ്ണമായും വിട്ടോഴിയാത്തത് ആശങ്കപ്പെടുത്തുന്നു. പായിപ്പാട്ട് നിർമ്മിക്കുന്ന മുട്ടിന്റെ ഭാഗത്ത് വെള്ളത്തിൽ ഉപ്പിന്റെ അംശമില്ല. അടിഭാഗത്തെ വെള്ളം കട്ട ഉപ്പാണെന്ന പരാതിയിൽ ഇന്നലെ മങ്കോമ്പ് കീടനിരീക്ഷണ കേന്ദ്രത്തിലെ അസി. ഡയറക്ടർ സ്മിതയുടെ നേതൃത്വത്തിലുള്ള സാമ്പിൾ ശേഖരിച്ചു.

 100 കൊയ്ത്ത് യന്ത്രങ്ങൾ

മങ്കോപ്പ് നെല്ല് ഗവേഷണ കേന്ദ്രം തയ്യാറാക്കിയ വിളവെടുപ്പ് കലണ്ടർ അനുസരിച്ച് മേയ് രണ്ടാം വാരം കൊയ്ത്ത് പൂർത്തീകരിക്കാനാണ് തീരുമാനം. 100 ഹെക്ടർ വിസ്തൃതിയിൽ അഞ്ച് ദിവസം കൊണ്ട് 10 യന്ത്രങ്ങളുടെ സഹായത്തോടെ വിളവെടുക്കും. 100കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചാൽ വേഗത്തിൽ കൊയ്യാൻ സാധിക്കും.

........................

# കൃഷി ഭൂമി ഹെക്ടറിൽ

 ആകെ വിസ്തൃതി- 30,000

 വിളവിറക്കിയത്- 27,532

 പാടശേഖരങ്ങൾ- 584

 ആവശ്യമായ യന്ത്രങ്ങൾ- 100

 മില്ലുകൾ- 46

........................

# രണ്ടാം കൃഷിയിലെ സംഭരണം

നെല്ല്- 2.43 കോടി കിലോ

 വിസ്തൃതി- 14,202.26 ഹെക്ടർ

 മില്ലുകൾ- 30