ആലപ്പുഴ: ചേർത്തല എസ്.ഐ ലൈസാദ് മുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാരോപി​ച്ച് രാഷ്‌ട്രപതി മുതൽ ജില്ലാ പൊലീസ് മേധാവി വരെയുള്ളവർക്ക് പരാതി നൽകിയതായി ആലപ്പുഴ ബാർ അസോസിയേഷൻ അംഗം അഡ്വ. സി.എസ്. ഹേമലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 26 ന് ഹേമലാൽ കാറിൽ ചേർത്തല കോംപ്ലക്സിൽ നിന്നും ദേവീക്ഷേത്രത്തിന് മുൻവശത്തുകൂടി വടക്കോട്ട് തിരി​യുന്നതിനി​ടെ എസ്.ഐ തടഞ്ഞ് നിറുത്തി അസഭ്യം പറഞ്ഞെന്നാണ് പരാതി​. വടക്കോട്ട് പോകുവാൻ കഴിയി​ല്ലെന്നും വാഹനം തെക്കോട്ട് പോകണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് എ.സി റോഡിൽ കയറി തിരിച്ച് ദേവീക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോൾ 'നീ വീണ്ടും എത്തിയോ" എന്ന് ചോദിച്ച് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ റോഡിന്റെ ഇരുവശത്ത് കൂടെയും വാഹനങ്ങൾ കടന്ന് പോകുന്നുണ്ടായിരുന്നു. ഇതിന്റെ സിസി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. പെറ്റി കേസ് ചുമത്തിയ വകുപ്പിൽ പ്രതികളെ കൊണ്ടുപോകുന്നതു പോലെ ജീപ്പിന്റെ പിന്നിൽ കയറ്റി കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിച്ചാൽ മതിയെന്ന് പറഞ്ഞ് പരിഹസിച്ചെന്നും പരാതിയിലുണ്ട്. വാർത്താസമ്മേളനത്തിൽ അഡ്വ.ആർ.രാജേന്ദ്രപ്രസാദ്,അഡ്വ.ജോൺ തോമസ് അറയ്ക്കൽ,അഡ്വ.പി.പ്രമൽ,സുരേഷ് ജോസഫ് എന്നിവർ പങ്കെടുത്തു.