
അമ്പലപ്പുഴ : കിടപ്പാടമില്ലാതെ മത്സ്യലേല ഹാളിൽ അന്തിയുറങ്ങിയ മത്സ്യത്തൊഴിലാളി കുടുംബത്തിന് സാന്ത്വനവുമായി പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ .
മത്സ്യത്തൊഴിലാളിയായ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ആലിശേരി പുരയിടത്തിൽ ശിവനേശനും കുടുംബത്തിനുമാണ് ശാന്തിഭവനിൽ അഭയം നൽകിയത്.
13 കാരനായ മകൻ അമ്പാടിയുടെ ചികിത്സയ്ക്കായി വീടും സ്ഥലവും വിറ്റ ശിവനേശൻ കഴിഞ്ഞ 13 വർഷമായി വാടകയ്ക്കു താമസിക്കുകയായിരുന്നു. ഭാര്യ അജമോൾ ഭിന്നശേഷിക്കാരിയാണ്. വാടക കൊടുക്കാൻ മാർഗമില്ലാതായതോടെയാണ് ശിവനേശൻ കുടുംബവുമായി തെരുവിലേക്കിറങ്ങിയത്. പുന്നപ്ര ചള്ളി മത്സ്യ ലേല ഹാളിൽ അന്തിയുറങ്ങിയിരുന്ന ഇവരുടെ ദയനീയാവസ്ഥ മാദ്ധ്യമ വാർത്തയായതോടെയാണ് മാത്യു ആൽബിൻ അഭയവുമായെത്തിയത്. ശാന്തിഭവനിൽ കുടുംബത്തിന് പ്രത്യക മുറിയും നൽകി. ലൈഫ് പദ്ധതിയിൽപ്പെടുത്തി ഇവർക്ക് വീട് നൽകാമെന്ന് പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് വാഗ്ദാനം നൽകിയിട്ടുണ്ട്. കുടുംബത്തിന് പുതിയ വീട് കണ്ടെത്തുന്നതു വരെ സംരക്ഷണം നൽകുമെന്നു ബ്രദർ മാത്യു ആൽബിൻ പറഞ്ഞു.