
55-ാം തവണത്തെ പൊട്ടൽ തകഴി കേളമംഗലം ഭാഗത്ത്
അമ്പലപ്പുഴ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നതിനാൽ ഗതാഗതം നിലച്ചു.
ആലപ്പുഴയിൽ നിന്നു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തകഴി വരെയും തിരുവല്ലയിൽ നിന്നുള്ളവ പച്ച വരെയുമാണ് സർവ്വീസ് നടത്തിയത്. ഒന്നര കി.മീറ്ററിനുളളിൽ 55-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇന്നലെ പൊട്ടിയ കേളമംഗലം ഭാഗത്ത് മുമ്പ് മൂന്നു തവണ പൈപ്പ് പൊട്ടിയിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിനടിയിലെ പൂഴിയും, മണ്ണും ഒലിച്ച് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നാശനഷ്ടമുണ്ടായി. പ്രദേശവാസിയായ ചെന്താമരാക്ഷന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി ബ്രിക്സ് സ്ഥാപനത്തിലെ 2 ലോഡ് മെറ്റൽ, ഒരു ലോഡ് എം സാൻഡ്, 1600 ഇഷ്ടിക എന്നിവ ഒലിച്ചുപോയി. ഏകദേശം 3 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. സമീപത്തുള്ള പലചരക്കു കടയിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു. കോടികൾ മുടക്കി പുനർ നിർമ്മിച്ച സംസ്ഥാന പാതയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. നിലവാരമില്ലാത്ത പൈപ്പുകളാണ് പൊട്ടലിന് കാരണം. സ്ഥിരം പൊട്ടൽ നടക്കുന്ന ഒന്നര കിലോ മീറ്ററിലെ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി ആയിട്ടില്ല.
ജലസംഭരണം നിറുത്തി
കടപ്രയിൽ നിന്നു കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഇതോടെ ജലസംഭരണം നിറുത്തിവെച്ചു. ആലപ്പുഴ നഗരത്തിലും സമീപത്തെ 8 പഞ്ചായത്തുകളിലും ശുദ്ധജലമെത്താൻ ദിവസങ്ങളെടുക്കും. ഇന്നലെ ചെറിയ രീതിയിൽ മാത്രമാണ് മണ്ണുമാറ്റൽ നടന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡിന്റെ നഷ്ടം വിലയിരുത്തും. ഈ തുക വാട്ടർ അതോറിട്ടിയിൽ കെട്ടിവച്ച ശേഷമേ റോഡ് പൂർണമായും പൊളിച്ച് പൈപ്പ് മാറ്റാനാവൂ.
പൈപ്പിലെ പരിഹാരക്രിയയ്ക്ക് തുടക്കം
ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ തുടർക്കഥയാവുന്ന പൈപ്പ് പൊട്ടലിനു പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ജല അതോറിട്ടി തുടക്കം കുറിച്ചു. തകർന്ന റോഡ് ഗതാഗതയോഗ്യമാക്കിയ ശേഷമാണ് പൈപ്പിലെ പൊട്ടലുകൾ താത്കാലികമായി പരിഹരിക്കാൻ തുടങ്ങിയത്.
ഇന്ന് പണി പൂർത്തിയായാൽ നാളെ പമ്പിംഗ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. മൂന്നര വർഷത്തിനിടെ സ്ഥിരമായി പൊട്ടലുണ്ടാവുന്ന ഭാഗമാണ് തകഴി - കേളമംഗലം പ്രദേശത്തെ ഒന്നര കിലോമീറ്റർ. ഇന്നലെ അതിരാവിലെ മുതൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച്ച രാത്രി മുതൽ ഇന്നലെ ഉച്ച വരെ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ വലിയ വാഹനങ്ങളെ ഇതുവഴി കടത്തിവിട്ടിരുന്നില്ല. സ്ഥരിമായുണ്ടാകുന്ന പൊട്ടലും അറ്റകുറ്റപ്പണികളും അന്താരാഷ്ട്ര നിലവാരമുള്ള റോഡിനെയും നശിപ്പിക്കുകയാണ്.
പൈപ്പ് പൊട്ടി പമ്പിംഗ് നിലച്ചതോടെ എല്ലാ കുഴൽക്കിണറുകളും മൂന്ന് ഷിഫ്റ്റ് വീതം പ്രവർത്തിപ്പിച്ചാണ് ജല അതോറിറ്റി കുടിവെള്ളം ഉറപ്പുവരുത്തുന്നത്.
കൊവിഡും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും വന്നതോടെയാണ് പൈപ്പ് മാറ്റൽ മുടങ്ങിയത്. കൊവിഡ് വ്യാപനം കെട്ടടങ്ങുന്ന മുറയ്ക്ക് ഒന്നര കിലോമീറ്റർ ഭാഗത്തെ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കും
ജല അതോറിട്ടി അധികൃതർ