ആലപ്പുഴ: പുന്നപ്രയിലെ സാഗര സഹകരണ ആശുപത്രിയിൽ മന്ത്രി ജി.സുധാകരന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 13.5 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം തുറന്നുകൊടുത്തു. 2012ൽ പൂർത്തിയാക്കിയ വിശ്രമകേന്ദ്രമാണ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്. ചില ഭാഗത്തുനിന്നുമുണ്ടായ നിസഹകരണമാണ് ഉദ്ഘാടനം വൈകാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ മൾട്ടി സ്റ്റോർ ബിൽഡിംഗ് നിർമാണത്തിനായി 5കോടി രൂപയുടെ ഭരണാനുമതിയായെന്നും കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിപ്പിട സൗകര്യം, ടി വി, ഫാൻ,ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം , ശൗചാലയംഎന്നിവയാണ് വിശ്രമകേന്ദ്രത്തിലുള്ളത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ബിബി വിദ്യാനന്ദൻ, എ.പി സരിത, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പ്രിറ്റി തോമസ്, സുരേഷ് ബാബു, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ.എൻ അരുൺ, സെക്രട്ടറി ടി.കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.