fire

അരൂർ: അരൂർ വ്യവസായ എസ്റ്റേറ്റിലെ ഹൈടെക് കോട്ടിംഗ് പ്രൈമർ നിർമ്മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ പൂർണ്ണമായി അണയ്ക്കാനായത്.

കമ്പനിയിലെ യന്ത്രങ്ങൾ പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. കമ്പനിക്കുള്ളിൽ ബോട്ടിലുകളിലേക്ക് പ്രൈമർ നിറച്ച ശേഷം ഇലക്ട്രിക് ഉപകരണം ഉപയോഗിച്ചു സീൽ ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. ജീവനക്കാർ ഓടി രക്ഷപ്പെട്ടു. തീ പിടിച്ചു കെട്ടിടത്തിന് വിള്ളൽ വീണത് രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി.

അരൂർ കൂടാതെ എറണാകുളം ക്ലബ് റോഡ്, ഗാന്ധിനഗർ, മട്ടാഞ്ചേരി ,ആലുവ, തൃപ്പൂണിത്തുറ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് വന്ന അഗ്നിശമന യൂണിറ്റുകളാണ് നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്.