ചേർത്തല: കാവുങ്കലിന്റെ ചൊരിമണലിൽ കാൽപ്പന്ത് കളിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സത്യൻ വിടവാങ്ങി. ഇരുപത്തി നാല് വർഷത്തിലധികം കാവുങ്കലിലെ ഗ്രാമീണ ഫുട്‌ബോൾ ക്ലബിന്റെ മുൻനിര കളിക്കാരനും സജീവ പ്രവർത്തകനുമായിരുന്ന കാവുങ്കലിന്റെ റോബർട്ടോ കാർലോസ് എന്നറിയപ്പെട്ടിരുന്ന സത്യപ്പന്റെ വേർപാട് നാടിന് നൊമ്പരമായി. അന്ത്യയാത്രയിൽ ഫുട്‌ബാൾ കൂടെ കൂട്ടിന് വേണമെന്ന ആഗ്രഹവും ഗ്രാമീണയുടെ പ്രവർത്തകർ നിറവേറ്റിയാണ് സത്യനെ യാത്രയാക്കിയത്. ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്ന വി.പി. സത്യനുമായി ആത്മബന്ധം പുലർത്തിയിരുന്നു. വി.പി. സത്യൻ പങ്കെടുത്ത കളികളിലെല്ലാം സത്യനുമെത്തിയിരുന്നു.കളികൾ കാണുന്നതിന് പ്രവേശന ടിക്കറ്റ് വി.പി. സത്യനിലൂടെയാണ് സത്യന് ലഭിച്ചത്.വളരെയേറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിന്നു അദ്ദേഹത്തിന്റെ ജീവിതം. മോട്ടോർ വാഹനങ്ങൾ ഇല്ലാതിരുന്ന അവസരത്തിൽ രാത്രികാലങ്ങളിൽ ഉന്തുവണ്ടിയിൽ ചകിരിതടുക്കുകൾ ആലപ്പുഴയിലെ കയർ കമ്പനികളിൽ എത്തിക്കാൻ ഉറക്കമിളച്ച് ജോലി ചെയ്തതിനു ശേഷം പകൽ സമയങ്ങളിൽ പരിശീലത്തിന് എത്രയോ തവണ സത്യൻ എത്തിയിരിന്നു. തുടർന്ന് കയറ്റിറക്ക്, നിർമ്മാണ തൊഴിൽ മേഖലയിൽ നിന്നുമാണ് അന്നത്തിന് വക കണ്ടെത്തിയിരുന്നത് .
ആലപ്പുഴ ജില്ലയിലങ്ങോളമിങ്ങോളം 40ൽ പരം ഫുട്‌ബോൾ ക്ലബ്ബുകളിലെ ടൂർണ്ണമെന്റുകളിൽ 100ൽ അധികം തവണ 'നല്ല കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴ ലീഗ് ഫുട്‌ബോൾ മേള ഉൾപ്പെടെ നിരവധി മേളകളിൽ സത്യൻ കളിച്ചിട്ടുണ്ട്. കാവുങ്കൽ ദേവീക്ഷേത്ര മൈതാനത്ത് നിർമ്മിച്ച കാവുങ്കൽ ഗ്രാമീണ ഫുട്‌ബാൾ അക്കാദമിയുടെ പൂഴി മൈതാനത്തിന്റെ നിർമ്മാണം പൂഴി വിതറി ഉത്ഘാടനം ചെയ്യാൻ ഗ്രാമീണ തെരെഞ്ഞെടുത്തതും സത്യനെയായിരുന്നു. ആലപ്പുഴ ജില്ലയിലെ 50ൽ പരം ഫുട്‌ബോൾ മേളകളിൽ ഗ്രാമീണയ്ക്ക് കിരീടം നേടുന്നതിന് നേതൃത്വം നൽകിയിരിന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കെ രക്താർബുദം സ്ഥിരീകരിച്ചു.സത്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഗ്രാമീണയുടെ പ്രവർത്തനങ്ങൾക്കിടയിലാണ് കൊവിഡിന്റെ രൂപത്തിൽ മരണമെത്തിയത്.