
ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പ് മാറ്റിയിടൽ രണ്ടാഴ്ചയ്ക്കിടെ ആരംഭിച്ചേക്കും
ആലപ്പുഴ: തകഴി കേളമംഗലം ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഒന്നര കിലോമീറ്ററിൽ തുടർച്ചയായി പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവായ സാഹചര്യത്തിൽ 1524 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ രണ്ടാഴ്ചയ്ക്കിടെ ആരംഭിക്കാനുള്ള നടപടികൾ യൂഡിസ്മാറ്റ് അധികൃതർ ആരംഭിച്ചു. 55-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്.
പൊട്ടൽ തുടർക്കഥ ആയതോടെ ഈ ഭാഗത്തെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ആദ്യം 9 കോടി അനുവദിച്ചിരുന്നു. പിന്നീട്, തകഴി ജംഗ്ഷനിൽ നിന്നാരംഭിച്ച് തകഴി ക്ഷേത്രം വഴി ആശുപത്രി ജംഗ്ഷൻ വരെ 2100 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് നിലവിലെ പ്രശ്നം പരിഹരിക്കാനും റോഡ് തകരാർ പരിഹരിക്കാനുമായി 15.31കോടി അനുവദിച്ചു. വാട്ടർ അതോറിട്ടി എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടി ആരംഭിച്ചതോടെ യൂഡിസ്മാറ്റ് പദ്ധതി ഏറ്റെടുത്ത കരാറുകാരൻ സ്വന്തം ചെലവിൽ ആദ്യ കരാർ ധാരണപ്രകാരം, ഗുണനിലവാരം കുറഞ്ഞ 1524 മീറ്റർ പൈപ്പ് മാറ്റിയിടാൻ താല്പര്യവുമായി രംഗത്തെത്തി.
ഇതിന്റെ ഭാഗമായി 1200 മീറ്റർ പൈപ്പ് കരാറുകാരൻ എത്തിച്ചു. സൈറ്റ് ലൈനിംഗ് പൂർത്തീകരിച്ചതോടെ കഴിഞ്ഞ മാർച്ചിൽ ജോലികൾ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് എത്തിയത്. കൊവിഡ് ഇളവുകൾ വന്നിട്ടും വാട്ടർ അതോറിട്ടി വിഭാഗം തുടർ പ്രവർത്തനം നടത്തുന്നതിൽ അലംഭാവം കാട്ടുന്നതായി ആരോപണമുണ്ട്. പൈപ്പ് മാറ്റിയിടുന്ന ഭാഗത്തെ റോഡിന്റെ തകരാർ പരിഹരിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകിയില്ല. കരാറുകാരൻ രംഗത്തെത്തിയതോടെ ടെൻഡർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് വാട്ടർ അതോറിട്ടി പിൻവാങ്ങി.
 വേണം ബദൽ
പൈപ്പ് മാറ്റുമ്പോൾ രണ്ടു മാസം കരുമാടിയിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരും. പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ബദൽസംവിധാനം ഇല്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാകും. കൊവിഡ് കാലമായതിനാൽ അയൽവാസികൾ പോലും വെള്ളം നൽകില്ല. ഇത്തരം സാഹചര്യം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമായി. പ്രതിദിനം വേണ്ടത് 40 ദശലക്ഷം ലിറ്റർ വെള്ളമാണ്. നിലവിൽ കരുമാടിയിൽ നിന്ന് 16 ദശലക്ഷം ലിറ്ററും വിവിധ കുഴൽ കിണറുകളിൽ നിന്ന് എട്ട് ദശലക്ഷം ലിറ്റർ ശുദ്ധജലവുമാണ് വിതരണം ചെയ്യുന്നത്. 16 ദശലക്ഷം ലിറ്ററിന്റെ കുറവ്. ഇത് സ്വകാര്യ ആർ.ഒ പ്ളാന്റുകളുടെ കച്ചവടത്തിന് തുണയാകുന്നു.
 'സ്വകാര്യ' ലാഭം
കുടിവെള്ള വിതരണം നിലച്ചാൽ നാട്ടുകാർ വെള്ളത്തിനായി സമീപിക്കുന്നത് സ്വകാര്യ ആർ.ഒ പ്ളാന്റുകളെയാണ്. രണ്ട് വർഷത്തിനിടെ നഗരത്തിൽ 30ൽ അധികം ആർ.ഒ പ്ളാന്റുകളാണ് പ്രവർത്തനം ആരംഭിച്ചത്. വെള്ളത്തിന് ഗണനിലവാരമുണ്ടോ എന്ന് ഉറപ്പ് വരുത്താൻ നഗരസഭയും ജലഅതോറിട്ടിയും ഒന്നും ചെയ്യുന്നുമില്ല. ആർ.ഒ പ്ളാന്റുകളിൽ പലതും ബിനാമിയാണ്. വാട്ടർ അതോറിട്ടിയുടെ കീഴിൽ നഗരത്തിൽ ഉണ്ടായിരുന്ന 24 ആർ.ഒ പ്ളാന്റുകളിൽ നാലെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
........................................
പൈപ്പ് സ്ഥാപിക്കാനായി അടുത്ത ആഴ്ച സർക്കാരിനെ സമീപിക്കും. അനുമതി ലഭിച്ചാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ജോലികൾ ആരംഭിക്കും. 1524 മീറ്ററിൽ മാറ്റി സ്ഥാപിക്കാനായി 1200 മീറ്റർ പൈപ്പ് എത്തിച്ചിട്ടുണ്ട്. ശേഷിക്കുന്ന പൈപ്പ് എത്തിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്
പ്രൊജക്ട് മാനേജർ, യൂഡിസ്മാറ്റ്