
ആലപ്പുഴ: നാലാം ക്ളാസുകാരൻ നീലകണ്ഠൻ നായർ 30 മിനിട്ടിനിടെ പിന്നിലേക്ക് തലകുത്തിമറിഞ്ഞത് 422 തവണ. അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ് സ്വന്തമാക്കിയ ഈ ഒമ്പതു വയസുകാരൻ 10 സെക്കൻഡിനകമുള്ള ചില ഇടവേളകൾ മാത്രമാണ് അതിനെടുത്തത്. ആറാം വയസിൽ ആരംഭിച്ച കളരി അഭ്യാസമാണ് ബാക്ക് വേഡ് വാക്ക് ഓവർ എന്ന ഇനത്തിൽ നേട്ടമുണ്ടാക്കാൻ നീലകണ്ഠന് തുണയായത്.
37 സെക്കൻഡിൽ രണ്ട് ഉറുമികൾ 230 തവണ വീശി ഗിന്നസ് ബുക്കിലും ലിംക ബുക്കിലും ഉൾപ്പെടെ ഇടം പിടിച്ച ഏകവീര കളരിപ്പയറ്റ് അക്കാഡമി ഉടമ ഹരികൃഷ്ണനാണ് ഗുരു. ആലപ്പുഴ കാർമൽ അക്കാഡമി വിദ്യാർത്ഥിയാണ് നീലകണ്ഠൻ. മൂന്നു വർഷത്തെ അഭ്യാസത്തിനൊടുവിൽ മെയ്ത്താരിയും കോൽത്താരിയും പൂർത്തിയാക്കി അങ്കത്താരിയിൽ പരിശീലനം നേടുകയാണ് നീലകണ്ഠൻ. തെക്കനും വടക്കനും തുളുനാടനും ഉൾപ്പെടുന്ന കളരിമുറകൾ അഭ്യസിക്കുന്നുണ്ട്. വടക്കൻ സമ്പ്രദായത്തിലെ വട്ടേൻതിരിപ്പ് വിഭാഗത്തിൽ ഉൾപ്പെടുന്ന മലക്കം മറിച്ചിലാണ് റെക്കാഡ് ഇനമായി തിരഞ്ഞെടുത്തത്. ഗിന്നസ് ബുക്കിലും ലിംകാ ബുക്കിലുമെല്ലാം ഇടംനേടുകയാണ് അടുത്ത ലക്ഷ്യം. കളരി അഭ്യാസി ആകണമെന്ന പഴയ സ്വപ്നമാണ് മകനിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് വിമുക്തഭടനും എൻ.സി.സിയിൽ ഉദ്യോഗസ്ഥനുമായ പിതാവ് ആലപ്പുഴ കിടങ്ങാംപറമ്പ് കൈലാസത്തിൽ മഹേഷ് കുമാർ പറഞ്ഞു. മകൾ ആറ് വയസുകാരി വൈഷ്ണവിയും കളരി അഭ്യാസം ആരംഭിച്ചിട്ടുണ്ട്. സുചിത്രയാണ് അമ്മ. തന്നെക്കൊണ്ട് ആവില്ലെന്നൊരു വാക്ക് നീലകണ്ഠന്റെ നിഘണ്ടുവിലില്ലെന്ന് ഗുരു ഗിന്നസ് ഹരികൃഷ്ണൻ പറഞ്ഞു.
 ചിട്ട, നേട്ടങ്ങൾ
പുലർച്ചെ 4.30ന് ഉണരും. മൂന്ന് മണിക്കൂർ പരിശീലനം. ഭക്ഷണത്തിന് കൃത്യമായ സമയം. രാത്രി 8 മണിക്കുള്ളിൽ ഉറങ്ങും.
കഴിഞ്ഞ വർഷം ഓൺലൈനായി നടന്ന അത്തർ ബാപ്പു ഗുരുക്കൾ സ്മാരക കളംചവിട്ടു സമ്പ്രദായത്തിൽ 10 രാജ്യക്കാരെ പിന്തള്ളി വടിവീശലിൽ ഒന്നാം സ്ഥാനം നേടി. 2018 മുതൽ ജില്ലാ, സംസ്ഥാന തലത്തിലെ വിവിധ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകളിൽ വിജയം.
''ലോകം അറിയുന്ന കളരി ആശാനാവുകയാണ് ലക്ഷ്യം. ഗുരുവായ ഗിന്നസ് ഹരികൃഷ്ണനാണ് റോൾ മോഡൽ. ഇനിയും റെക്കാഡുകൾ സ്വന്തമാക്കും
-നീലകണ്ഠൻ നായർ