s

ആലപ്പുഴ: കൊച്ചി ബിനാലെയ്ക്ക് പിന്നാലെ ആലപ്പുഴയിലും 'ലോകമേ തറവാട്' എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കലാകാരൻമാരുടെ സമകാലിക സൃഷ്ടികളുടെ ആഗോള പ്രദർശനം നടത്തുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് മാസം നീളുന്ന കലാപ്രദർശനം മാർച്ച് ഒന്നിന് ആരംഭിച്ച് മേയ് 31ന് സമാപിക്കും. സംസ്ഥാനത്ത് താമസിക്കുന്നവരും പ്രവാസികളുമായ 200 കലാകാരൻമാരുടെ സൃഷ്ടികളുടെ പ്രദർശനത്തിന് വേദി ഒരുക്കുന്നത് കൊച്ചി ബിനാലെ ഫൗണ്ടേഷനാണ്. പോർട്ട് മ്യൂസിയം, കയർഫെഡിന്റെ ദാരസ് മിൽ, കയർ കോർപ്പറേഷന്റെ നവീകരിച്ച കെട്ടിടം, ആലപ്പുഴ ദി ന്യൂമോഡൽ കയർ മാറ്റ്‌സ് ആൻഡ് മാറ്റിംഗ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം, ആലപ്പി കമ്പനി, എറണാകുളം ഡർബാർ ഹാൾ എന്നിവടങ്ങളിലായി നടക്കുന്ന പെയിന്റിംഗ് പ്രദർശനത്തിന് കൊച്ചി ബിനാല ഫൗണ്ടേഷൻ പ്രസിഡന്റും കലാകാരനുമായ ബോസ് കൃഷ്ണമാചാരി നേതൃത്വം നൽകും. നെതർലാൻഡ്, ഫ്രാൻസ്, അമേരിക്ക, ഇംഗ്ളണ്ട്, മസ്കറ്റ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് 13 പേരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 81 പേരും പ്രദർശനത്തിനെത്തും.

കൊവിഡിൽ തളർത്തിയ കലാരംഗത്തിന് ഉണർവ് പകരുകയാണ് ലക്ഷ്യം. ടൂറിസം, സാംസ്കാരിക വകുപ്പുകൾ, ലളിതകലാ അക്കാഡമി, ലോക കേരളസഭ, മുസിരിസ് പൈതൃക പദ്ധതി, ആലപ്പുഴ പൈതൃക പദ്ധതി, കയർ കോർപ്പറേഷൻ, പോർട്ട് മ്യൂസിയം, യാൺ മ്യൂസിയം, ന്യൂ മോഡൽ സൊസൈറ്റി, കരൺ ഗ്രൂപ്പ് കമ്പനികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് കേരളഘടകം എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൊച്ചി ബിനാല ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമചാരി, ബോണി തോമസ് എന്നിവരും പങ്കെടുത്തു.