
കുളത്തിലെ മാലിന്യംനിക്ഷേപം സഹിക്കാനാവാതെ നാട്ടുകാർ
ഹരിപ്പാട്: കുളിക്കാനും അലക്കാനും മറ്റത്യാവശ്യ കാര്യങ്ങൾക്കും പതിറ്റാണ്ടുകളായി ഒരു നാട് ഉപയോഗിച്ചിരുന്ന കുളം ഉപയോഗശൂന്യമായതോടെ മാലിന്യ നിക്ഷേപ കേന്ദ്രമായി.
പള്ളിപ്പാട് പഞ്ചായത്ത് 12-ാം വാർഡിലെ വടക്കനാംകുളമാണ് വള്ളിപ്പടർപ്പുകളും മറ്റും നിറഞ്ഞ് നാശമായത്. മറ്റ് പഞ്ചായത്തുകളിൽ നിന്നുപോലും ആളുകൾ വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം തള്ളുന്ന സ്ഥിതിയാണ്. അറവ് മാലിന്യവും കക്കൂസ് മാലിന്യവും ഉൾപ്പെടെ നിക്ഷേപിക്കുന്നതിനാൽ പ്രദേശത്തെ വീട്ടുകാർക്ക് ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമായി. മാലിന്യം നിറഞ്ഞതോടെ തെരുവ് നായ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെയാണ് തെരുവ് നായ്ക്കൾ വിഹരിക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും സഞ്ചരിക്കാനാവാത്ത അവസ്ഥയായി. പാൽ വാങ്ങാൻ പോയ വിദ്യാർത്ഥിനിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ച് പരിക്കേറ്റ സംഭവങ്ങളുമുണ്ട്.
പതിനഞ്ച് വർഷം മുമ്പ് പ്രദേശത്തെ ആളുകൾ കുളിക്കാനും അലക്കാനുമായി ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കാലക്രമേണ കുളത്തിൽ പുല്ല് വളർന്ന് മൂടപ്പെട്ടു. അതോടെ ഉപയോഗ ശൂന്യമായി. കുളത്തിൽ മാലിന്യം നിറഞ്ഞതോടെ വേനൽകാലത്ത് സമീപ വീടുകളിലെ കിണറുകളിലേക്ക് മാലിന്യം ഊർന്നിറങ്ങുന്നതും പതിവാണ്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും നാട്ടുകാർ പറയുന്നു. സ്ഥലം എം.എൽ.എ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പള്ളിപ്പാട് പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതി ഈ കുളം സിമ്മിംഗ് പൂൾ ആക്കാനുള്ള പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. മാലിന്യം തള്ളുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശത്തെ 25ഓളം കുടുംബങ്ങൾ നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തീരുമാനിച്ചു.
...............................
പണ്ട് കാലത്ത് നിരവധി ആളുകൾക്ക് ആശ്രയമായിരുന്ന വടക്കനാംകുളം കാടുകയറി നശിച്ചു. മാലിന്യ പ്രശ്നവും തെരുവ് നായ ശല്യവും കാരണം നാട്ടുകാർ ഏറെ പ്രയാസത്തിലാണ്. കുളം വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം
കടുകോയിക്കൽ സാമുവൽ ബാബു (പ്രദേശവാസി)
.............................
നാട്ടുകാർക്ക് ഏറെ ദുരിതമാണ് വടക്കനാംകുളത്തിലെ മാലിന്യം തള്ളൽ കാരണം ഉണ്ടാകുന്നത്. കാടുകയറി ഉപയോഗശൂന്യമായ കുളം ശുചിയാക്കേണ്ടത് അത്യാവശ്യമാണ്
എസ്.രാജേന്ദ്രക്കുറുപ്പ് (ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
...........................
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം വച്ചിട്ടുണ്ട്. കുളം വൃത്തിയാക്കി നാല് വശവും കൽക്കെട്ട് കെട്ടി സംരക്ഷിക്കാനും നാല് വശവും പാത സജ്ജമാക്കി പ്രഭാത സവാരിക്ക് അനുയോജ്യമാക്കുന്ന തരത്തിൽ സജ്ജമാക്കാനുമാണ് ഉദ്ദേശിക്കുന്നത്
തോമസ് മാത്യു (പള്ളിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
.........................
നീന്തൽക്കുളം ആക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സഹായത്തിനായി കായംകുളം എൻ.ടി.പി.സിക്ക് കത്ത് നൽകിയിട്ടുണ്ട്
അജിത അരവിന്ദൻ (പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്)