s

ചെട്ടികുളങ്ങരയിൽ ഉൾപ്പെടെ ഇത്തവണ കുത്തിയോട്ടമില്ല

ആലപ്പുഴ: ഓണാട്ടുകരയുടെ ആഘോഷമായിരുന്ന കുത്തിയോട്ടം ഇക്കുറിയുണ്ടാവില്ല. കൊവിഡ് നിയന്ത്രണത്തിൽ ഇളവുകൾ വന്നെങ്കിലും വ്യാപനം വീണ്ടും കൂടിയതോടെ, കുംഭ ഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ടം പ്രധാന വഴിപാടായ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഇത്തവണ ഒരു ബുക്കിംഗു പോലുമില്ല.

ഉത്സവസ്ഥലത്ത് സാമൂഹിക അകലം പാലിച്ച് പരമാവധി ഇരുന്നൂറ് പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. ഒരു കുത്തിയോട്ട സംഘത്തിലെ കലാകാരന്മാരുടെ എണ്ണം ഇരുന്നൂറിലധികം വരും. ഈ സാഹചര്യത്തിലാണ് സ്ഥിരം വഴിപാട് നടത്തിയിരുന്നവർ പോലും ഇത്തവണ കുത്തിയോട്ടം ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ കലാരൂപം എന്ന രീതിയിൽ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് ക്ഷേത്ര സന്നിധിയിൽ കുംഭ ഭരണിയോടനുബന്ധിച്ച് ഒരു ദിവസത്തെ കുത്തിയോട്ടം നടത്താൻ തീരുമാനിച്ച സംഘങ്ങളുമുണ്ട്.

കൊച്ചുകുട്ടികൾ മുതൽ അറുപത് പിന്നിട്ട കലാകാരൻമാർ വരെയാണ് ഓരോ കുത്തിയോട്ട സംഘത്തിലെയും അംഗങ്ങൾ. റിവേഴ്സ് ക്വാറന്റൈൻ ബാധകമായതിനാൽ ഇവരെ കളത്തിലിറക്കാൻ സാധിക്കില്ല. ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര ഭാഗത്താണ് ഏറ്റവും കൂടുതൽ കുത്തിയോട്ടസംഘങ്ങളും ആശാന്മാരുമുള്ളത്. പ്രധാനമായും കുട്ടികൾക്കാണ് പരിശീലനം നൽകുന്നതെങ്കിലും നൂറുകണക്കിന് പുരുഷന്മാർ ഓരോ സംഘത്തിന്റെയും ഭാഗമാണ്. കുംഭഭരണിക്കാലത്ത് കലാകാരന്മാരുടെ പ്രധാന വരുമാനമാർഗം തന്നെയാണ് കുത്തിയോട്ടം. പ്രമുഖ ക്ഷേത്രങ്ങളിൽ ഇത്തവണ കുത്തിയോട്ടം ഒഴിവാക്കിയിട്ടുണ്ടെങ്കിലും വീടുകളിൽ നേർച്ച എന്ന നിലയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചവരുമുണ്ട്.

പരിശീലനം മുടങ്ങി

കുംഭഭരണിക്ക് രണ്ട് മാസം മുമ്പ് കുത്തിയോട്ട സംഘങ്ങൾ പരിശീലനം ആരംഭിക്കാറുണ്ട്. സംഗീതവും, നൃത്തവും കൂടിച്ചേരുന്ന കലാരൂപമായതിനാൽ ഒരേ സമയം ചുവടുകളുടെയും, ഗായകരുടെയും പരിശീലനം നടക്കേണ്ടതുണ്ട്. എന്നാൽ ഇത്തവണ ബുക്കിംഗുകൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം സമിതികളും പരിശീലനം നടത്തുന്നില്ല.

ചെലവേറും കല

കുംഭഭരണി വരെ ഏഴുനാൾ നീളുന്ന ചടങ്ങുകളോടെയാണ് കുത്തിയോട്ടം നടത്തുന്നത്. യജ്ഞശാലാ നിർമ്മാണത്തിലാണ് തുടക്കം. എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെ വഴിപാടുകാരൻ ദത്തെടുക്കും. ആശാന്മാരുടെ കൈയിൽ പിടിച്ചാണ് ബാലന്മാരുടെ പരിശീലനം. അതുകഴിഞ്ഞാൽ ചുവടുറച്ച കലാകാരന്മാർ പാട്ടിനൊത്ത് ചുവട് വെയ്ക്കും. ദത്തെടുക്കുന്ന കുട്ടികളെ സ്വന്തം മക്കളെപോലെയാണ് വഴിപാടുകാർ പരിചരിക്കുന്നത്. എല്ലാ ദിവസവും കുത്തിയോട്ട പന്തലിൽ ഏതു സമയത്തെത്തുന്നവർക്കും ഭക്ഷണം നൽകും. പത്ത് ലക്ഷം മുതൽ കോടികൾ വരെ ചെലവഴിച്ച് കുത്തിയോട്ടം നടത്തുന്നവരുണ്ട്.

ആളെണ്ണം കുറച്ച് കുത്തിയോട്ടം നടത്തുന്നതിനോട് ഭൂരിഭാഗം വഴിപാടുകാർക്കും താത്പര്യമില്ല. അതിനാൽ സ്ഥിരമായി ലഭിച്ചിരുന്ന ബുക്കിംഗുകൾ പോലും കുത്തിയോട്ട സമിതികൾക്ക് ഇപ്രാവശ്യം നഷ്ടമായി. എങ്കിലും കലാരൂപം എന്ന നിലയിൽ ചുരുക്കം പേരെ അണിനിരത്തി ചുവട് വയ്ക്കാനാണ് തീരുമാനം

പ്രദീപ് ആശാൻ, ശൈലനന്ദിനി കുത്തിയോട്ട സമിതി