നടപടികൾ കടുപ്പിക്കുമ്പോൾ ശുപാർശയുമായി ജനപ്രതിനിധികൾ വരരുതെന്ന് അദ്ധ്യക്ഷ
ആലപ്പുഴ : നഗരത്തിൽ അറവുമാലിന്യ സംസ്ക്കരണത്തിന് കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യം. ഇറച്ചി വിപണനത്തിനു അനുമതി നൽകുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ കർശനമായ പരിശോധനകൾ നടത്തണമെന്നുമായിരുന്നു കൗൺസിലർമാരുടെ ആവശ്യം. തുടർന്ന് നടപടികൾ കർശനമാക്കാൻ ആരോഗ്യവിഭാഗത്തിന് നിർദ്ദേശം നൽകി.
അറവുമാലിന്യങ്ങൾ ജലാശയങ്ങളിലടക്കം തള്ളുന്ന പ്രവണത വർദ്ധിക്കുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. കടകളിൽ തന്നെ ഇറച്ചിവെട്ടുന്നതിനാൽ ലിറ്രർ കണക്കിന് രക്തമാണ് പ്രദേശത്ത് പരന്നൊഴുകുന്നത്. വഴിയോര മത്സ്യ വ്യാപാരകേന്ദ്രങ്ങളിൽ നിന്നും മലിനജലം പാതയോരങ്ങളിലേക്ക് ഒഴുക്കുന്നതും ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു.
നഗരത്തിലെ മത്സ്യ ,മാംസ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കണമെന്നും പരിശോധനകൾ കർശനമാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. നടപടികൾ കർശനമാക്കുമ്പോൾ ഇളവുകൾ തേടി കൗൺസിലർമാർ ആരോഗ്യവിഭാഗത്തെ സമീപിക്കരുതെന്ന് ചെയർപേഴ്സൺ സൗമ്യാരാജ് നിർദ്ദേശിച്ചു. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടും മുൻചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പേരിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് അവർ പറഞ്ഞു. മുൻകൗൺസിലിന്റെ മുൻകൂർ അനുമതിനേടിയ പദ്ധതികൾ അംഗീകരിക്കുന്നതിനു വേണ്ടിയാണ് കൗൺസിൽ യോഗം ചേർന്നത്. ഭൂരിഭാഗം അജണ്ടകളും കൗൺസിൽ പാസാക്കി. പി.എസ്.എം.ഹുസൈൻ, കെ.കെ.ജയമ്മ, അഡ്വ.റീഗോ രാജു, മനു ഉപേന്ദ്രൻ, എം.ആർ.പ്രേം, എ.ഷാനവാസ്, സി.അരവിന്ദാക്ഷൻ, കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.
കുടിവെള്ളം ഉറപ്പാക്കും
നഗരത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കും. ആവശ്യത്തിന് ടാങ്കർ ലോറികളും വള്ളങ്ങളും വാടകയ്ക്കെടുത്ത് വെള്ളമെത്തിക്കും. കുടിവെള്ളം ആവശ്യമായ വാർഡുകളിൽ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ക്രമം നിശ്ചയിച്ച് ശുദ്ധജലവിതരണം ഉറപ്പാക്കും. നഗരത്തിൽ കുഴൽക്കിണറുകളുടെ നിലവിലത്തെ അവസ്ഥ പരിശോധിക്കും.
ലേബർ ബഡ്ജറ്റിന് അംഗീകാരം
നഗരസഭയിൽ 2021-22 വർഷത്തേക്ക് ലേബർ ബഡ്ജറ്റും കർമ്മപദ്ധതിയും തയ്യാറാക്കി അംഗീകാരം നേടി.10 കോടി 40 ലക്ഷം രൂപയുടേതാണ് ലേബർ ബഡ്ജറ്റ്. ഇതിലൂടെ 3,22,360 തൊഴിൽദിനങ്ങളാണ് സൃഷ്ടിക്കുക.
പി.എം.എ.വൈ. ഭവന നിർമ്മാണം - 2.70 കോടി
എയറോബിക് പ്ലാന്റ് പരിപാലനം - 4 കോടി
ക്ഷീരകർഷകർക്ക് - 39 ലക്ഷം
മഴക്കാലപൂർവ ശുചീകരണം - 55 ലക്ഷം
പ്ലാസ്റ്റിക് ശേഖരണം - 16 ലക്ഷം
തോട്,കാന വൃത്തിയാക്കൽ - 55 ലക്ഷം
കൃഷിത്തോട്ടം ഒരുക്കുന്നതിന് - 60 ലക്ഷം
നഗരസഭ ഓഫീസ് ഗാർഡനിംഗ് - 6 ലക്ഷം
നടപ്പാത നിർമ്മാണം പേവറിംഗ് - 55 ലക്ഷം
നടപ്പാത നിർമ്മാണം കോൺക്രീറ്റിംഗ് - 55 ലക്ഷം
നടപ്പാത നിർമ്മാണം ഗ്രാവലിംഗ് - 27 ലക്ഷം