ചേർത്തല: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഓട്ടോകാസ്റ്റിൽ സർക്കാരിന്റെ നൂറുദിന പദ്ധതികളുടെ ഭാഗമായി വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പകൽ നാലിന് ഓട്ടോകാസ്റ്റ് അങ്കണത്തിൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് സേ്റ്റഷൻ, ആർക്ക് ഫർണസ് എന്നിവയുടെ ഉദ്ഘാടനം മന്ത്റി ഇ പി ജയരാജൻ നിർവഹിക്കും. മന്ത്റി ടി എം തോമസ് ഐസക് അധ്യക്ഷനാകും. രണ്ട് മെഗാവാട്ട് സൗരോർജ പദ്ധതി നിർമാണ ഉദ്ഘാടനവും മന്ത്റി ടി എം തോമസ് ഐസക് നിർവഹിക്കും. മന്ത്റി ജി സുധാകരൻ സി.എൻ.സി മെഷീൻ ഷോപ്പ് ഉദ്ഘാടനംചെയ്യും. ഹൈഡ്രോളിക് പ്രസിന്റെയും ട്രാൻസ്‌ഫോർമറുകളുടെയും ഉദ്ഘാടനം മന്ത്റി പി തിലോത്തമൻ നിർവഹിക്കും. എ എം ആരിഫ് എംപി ഷോട്ട് ബ്ലാസ്റ്റിങ് മെഷീൻ ഉദ്ഘാടനംചെയ്യും.കമ്പനി മാനേജിംഗ് ഡയറക്ടർ വി അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.എസ് പ്രദീപ്കുമാർ, മാനേജിംഗ് ഡയറക്ടർ വി. അനിൽകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ചാർജിംഗ് സ്റ്റേഷൻ

കമ്പനിയുടെ ചരിത്രത്തിൽ പിണറായി സർക്കാരാണ് വികസനത്തിനും നടത്തിപ്പിനും 47 കോടി രൂപ അനുവദിച്ചത്. സ്ഥാപനത്തിന് മുതൽമുടക്ക് ഇല്ലാതെ വരുമാനം ലഭ്യമാക്കാനാണ് അനെർട്ടുമായി സഹകരിച്ച് വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സേ്റ്റഷൻ അനുവദിച്ചത്. മൂന്ന് വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാം. ലഘുഭക്ഷണശാലയും പ്രമുഖ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളും ഇവിടെ സ്ഥാപിക്കും.

സൗരോർജ്ജ പദ്ധതി

പാരമ്പര്യേതര ഊർജ സ്രോതസുകളായ സൗരോർജവും കാ​റ്റും ഉപയോഗപ്പെടുത്തി കമ്പനി പ്രവർത്തിപ്പിക്കുക ലക്ഷ്യമാക്കി രണ്ട് മെഗാവാട്ടിന്റെ പദ്ധതിയാണ് സർക്കാർ അനുവദിച്ചത്. വൈദ്യുതി ചാർജിനത്തിൽ പ്രതിമാസം 20 ലക്ഷം രൂപയോളം കമ്പനിക്ക് ലാഭിക്കാനാകും. അതുവഴി അഞ്ച് വർഷത്തിനുള്ളിൽ മുതൽമുടക്ക് പൂർണമായി തിരിച്ചുകിട്ടും.

സി.എൻ.സി മെഷീൻ

കാസ്റ്റിംഗ് നേരിട്ട് കൃത്യതയോടെ സംയോജിപ്പിക്കാൻ ഏ​റ്റവും ഉയർന്ന നിലവാരത്തിലെ മെഷീനാണ് കമ്പനിയിൽ സജ്ജമാക്കിയത്. പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ ടില്ലർ നിർമാണത്തിൽ പങ്കാളിയായ ഓട്ടോകാസ്റ്റിന് പ്രയോജനപ്പെടുന്നതാണ് മെഷീൻ. മെഷീൻചെയ്ത കാസ്റ്റിങ്ങുകൾ വിപണിയിലെത്തിക്കാൻ കമ്പനിക്ക് ആത്മവിശ്വാസം പകരുന്നതാണ് സിഎൻസി മെഷീൻ.

റെയൽവേ ബോഗി നിർമാണത്തിന്

ഹൈഡ്റോളിക് പ്രസ്

റെയിൽവേ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിർണയിക്കുന്ന ഏജൻസി ആർ.ഡി.എസ്.ഒ നിഷ്‌കർക്കുന്ന പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്റോളിക് പ്രസുകളാണ് സജ്ജമായത്. ബോഗി ഫ്രെയ്മുകളുടെ ദൃഢത പരിശോധന ഈ യന്ത്റത്തിലൂടെ സാധിക്കും. 400 മെട്രിക് ടൺ വരെയുള്ള ഇതര ഉൽപ്പന്നങ്ങളുടെ ദൃഢത പരിശോധനയും നടത്താം. കാസ്റ്റിങ്ങുകളുടെ പ്രതലം മിനിട്ടുകൾക്കകം ആർ.ഡി.എസ്.ഒ നിലവാരത്തിൽ വൃത്തിയാക്കാനുള്ള യന്ത്റവും സജ്ജം. .