ആലപ്പുഴ: കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ കന്നിട്ട എ, ബി, സി, ദേവസ്വം കരി, കൊമ്പൻകുഴി, കരിവേലി പാടശേഖരങ്ങളിൽ മടവീഴ്ച്ചയുണ്ടായി കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ബാങ്കുകളിൽ നിന്നുള്ള ഇൻഷ്വറൻസ് പ്രീമിയവും സാങ്കേതിക കുരുക്കിൽപെട്ട് കിട്ടിയിട്ടില്ല. പക്ഷിപ്പനി മൂലം താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര സഹായം എത്തിച്ച സർക്കാർ നെൽകർഷകരോട് വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കന്നിട്ട സി പാടശേഖരത്തിലെ കർഷകനായ ജി. വിദ്യാധരകുമാർ പറഞ്ഞു.