s

വരുമാന പ്രതിസന്ധിക്കിടെ വിലക്കയറ്റവും

ആലപ്പുഴ: അടിക്കടി കൂടുന്ന ഇന്ധന വിലയ്ക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കൂടുന്നത് കു‌ടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുന്നു. കൊവിഡിനെ തുടർന്ന് തൊഴിൽ മേഖലയിൽ സംഭവിച്ച മാന്ദ്യം വരുമാനത്തിലുണ്ടാക്കിയ ഇടിവിനിടെയാണ് ഇന്ധനവില വർദ്ധന കൂനിൻമേൽ കുരുവായത്.

നിലവിൽ അവശ്യ സാധനങ്ങൾക്ക് വില കൂടിക്കഴിഞ്ഞു. പച്ചക്കറികൾ അടക്കമുള്ളവ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് എത്തിക്കുന്ന ചെലവും ഇതോടൊപ്പം വർദ്ധിച്ചു. ലോക്ക്ഡൗൺ ഇടവേള കഴിഞ്ഞ് പച്ചക്കറി അടക്കമുള്ള വ്യാപാര മേഖലകൾ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാൽ അതെല്ലാം തകിടം മറിക്കുന്ന വിധത്തിലാണ് വിലക്കയറ്റം. പച്ചക്കറി വില ദിനം പ്രതി ഉയരുകയാണ്.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് വ്യാപാരികളുടെ ആശ്രയം. എന്നാൽ കഴിഞ്ഞ മാസത്തെ ശക്തമായ മഴയിൽ പലേടത്തും പച്ചക്കറി കൃഷി നശിച്ചു. ജില്ലയിൽ ചീര സീസൺ ആരംഭിച്ചത് ആശ്വാസമാണ്. സർക്കാരിനു കീഴിലുള്ള ഹോർട്ടികോർപ്പിൽ വിലവർദ്ധന കാര്യമായി ബാധിച്ചിട്ടില്ല.

നിലവിലെ പച്ചക്കറി വില (കിലോ)

 വെണ്ട..................₹60-70

 ബീൻസ്...............₹ 60-80

 കാബേജ്............ ₹36-45

 പടവലം.................₹ 60

 തക്കാളി................₹ 30-40

 ചെറിയ ഉള്ളി...... ₹ 65-100

 ചേന.....................₹ 32-45

 കിഴങ്ങ്...................₹ 38-52

 ബീറ്റ്‌റൂട്ട്.................₹ 46-55

 സവാള.................. ₹40-60

 വഴുതനം..............₹ 40-50

 മത്തങ്ങ..................₹ 30-45

 മുരിങ്ങയ്ക്ക...............₹ 200

........

പച്ചക്കറി വില താഴ്ന്നു നിൽക്കേണ്ട സമയമാണ്. എന്നാൽ ഇന്ധന വിലയും കർഷക സമരവുമാണ് വിലക്കയറ്റത്തിന് കാരണം

(മാഹിൻ,പച്ചക്കറി വ്യാപാരി)