ആലപ്പുഴ : കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിച്ചു. ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കാൻ പൊലീസിന് പ്രത്യേക നിർദേശം നൽകി. പഞ്ചായത്ത് തലത്തിൽ റാപിഡ് റെസ്‌പോൺസ് ടീമുകളുടെ (ആർ.ആർ.ടി) പ്രവർത്തനം കൂടുതൽ ശക്തമാക്കും.

വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ മാനദണ്ഡ പ്രകാരമുള്ള ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന് ഉറപ്പാക്കും. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ഇവ ഉറപ്പാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സെക്ടറൽ മജിസ്റ്ററേറ്റുമാരെയും പൊലീസിനെയും ചുമതലപ്പെടുത്തി. കണ്ടെയിൻമെൻറ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. സർക്കാർ മാർഗനിർദേശ പ്രകാരം അനുവദിച്ച യാത്രകൾ ഒഴികെ മറ്റൊന്നും കണ്ടെയിൻമെന്റ് സോണുകളിൽ അനുവദിക്കില്ല.

ആലപ്പുഴ ബീച്ച് അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണം. ഇവ ഉറപ്പാക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ജില്ല കളക്ടർ എ അലക്‌സാണ്ടർ, കോവിഡ് നിയന്ത്രണ ചുമതലയ്ക്കായി സർക്കാർ നിയോഗിച്ച ചാർജ് ഓഫീസർ അമിത് മീണ, സബ് കളക്ടർ എസ് ഇല്യക്യ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അലക്‌സ് മാത്യു, ഡിഎംഒ ഡോ.എൽ അനിതകുമാരി, എന്നിവർ പങ്കെടുത്തു.