
ഹരിപ്പാട്: യുവാവിനൊപ്പം വയോധികൻ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ആഡംബര ബൈക്ക് ഇടിപ്പിച്ച് ട്രോൾ വീഡിയോ ഉണ്ടാക്കിയ സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ഇടിപ്പിച്ച വാഹനത്തിൽ യാത്ര ചെയ്ത മഹാദേവികാട് സുജിതാ ഭവനത്തിൽ സുജീഷ് (22), നന്ദനം വീട്ടിൽ ആകാശ് സജികുമാർ (20) എന്നിവർക്കെതിരെയാണ് കേസ്. ഇവരുടെ രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗം, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ പ്രകാരമാണ് കേസെടുത്തത്.
ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗമാണ് ആദ്യം ആറ് യുവാക്കൾക്കെതിരെ കേസെടുത്തത്. നങ്ങ്യാർകുളങ്ങര സ്വദേശികളായ യുവാക്കളെയാണ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. തൃക്കുന്നപ്പുഴ തോട്ടുകടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗത്തിൽ വന്ന ആഡംബര ബൈക്ക് ഇടി ക്കുകയും ഇടിയേറ്റ ബൈക്ക് മുന്നോട്ടു നീങ്ങുന്നതുമായിരുന്നു വീഡിയോയിൽ. വയോധികന്റെ കൈയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. വീഡിയോ കണ്ട ചിലരാണ് ഇത് മനപൂർവ്വം ട്രോൾ ഉണ്ടാക്കാനായി സൃഷ്ടിച്ച അപടകമാണെന്ന് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിച്ചത്.