s

കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് 15 മുതൽ

ആലപ്പുഴ : ജില്ലയിൽ ആരോഗ്യപ്രവർത്തകർക്കുള്ള കൊവിഡ് വാക്‌സിനേഷൻ 10ന് പൂർത്തിയാകും. വാക്സിന്റെ രണ്ടാം ഡോസ് 15ന് ആരംഭിക്കാനുള്ള നടപടികളും പൂർത്തീകരിച്ചു. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 80 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് ഇന്നലെ വരെ വാക്സിൻ നൽകി.

രജിസ്റ്റർ ചെയ്തവരിൽ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ രണ്ട് ശതമാനത്തിലധികം ജീവനക്കാർ കുത്തിവയ്പെടുക്കുന്നതിൽ താത്പര്യം കാണിച്ചില്ല.

കഴിഞ്ഞ 16ന് ആരംഭിച്ച വാക്സിനേഷൻ പൂർത്തീകരിച്ചവരിൽ മൂന്നിൽ രണ്ടും വനിതാ ജീവനക്കാരാണ്. ജനറൽ ആശുപത്രി, ജില്ലാ-താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ്, റവന്യൂ, തദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, ഹോംഗാർഡ്, ആശാ വർക്കർമാർ, ഐ.സി.ഡി.എസ്, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് അടുത്ത ഘട്ടത്തിൽ വാക്സിനേഷന്റെ ആദ്യ ഡോസ് നൽകും. ഇത് എന്ന് തുടങ്ങണമെന്നതിനെപ്പറ്റി ആരോഗ്യ വകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

രണ്ടാം ഘട്ടം വാക്സിനേഷൻ പൂർത്തീകരിച്ചതിന് ശേഷമേ 50നും 60നും ഇടയിൽ പ്രായമുള്ളവർ , 50 വയസിൽ താഴെ പ്രായമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ എന്നിവർക്കു വാക്സിൻ നൽകുകയുള്ളൂ. ഇത് എന്നാണെന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല.

ജില്ലയിലെ ആരോഗ്യ പ്രവർത്തകർ-21,244

വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തവർ-19,338

കുത്തിവയ്പ് എടുത്തവർ -15,456

90

വാക്‌സിൻ സുരക്ഷിതമായി സൂക്ഷിക്കാൻ- 90 കേന്ദ്രങ്ങൾ

'ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസ് 10ന് പൂർത്തീകരിക്കും. 15ന് രണ്ടാം ഡോസ് നൽകുന്നത് ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചാകും രണ്ടാം ഘട്ടത്തിലെ വാക്സിനേഷൻ തുടങ്ങുക.

ഡോ. മോഹൻദാസ്, ഡെപ്യൂട്ടി ഡി.എം.ഒ