
ആലപ്പുഴ: നടപ്പാക്കാനാവാത്ത, ശബരിമല കരടു ബില്ലിലൂടെ ജനങ്ങളെ പറ്റിച്ച് ഉപജീവനം നടത്തുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് കൂടുതൽ വ്യക്തമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ യു.ഡി.എഫിന്റെ തട്ടിപ്പ് തള്ളിക്കളയും. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് മുന്നിലുള്ള വിഷയത്തിൽ നിയമം രൂപീകരിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിന് സുവ്യക്തമായ നിലപാടാണുള്ളത്. നാട്ടുകാരെ പറ്റിക്കുക എന്നതിനപ്പുറം യു.ഡി.എഫിന് വ്യക്തമായ നിലപാടില്ല. ആളുകളെ പറ്റിക്കുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്. എന്നാൽ, പി.വി. അൻവർ എം.എൽ.എ എവിടെയെന്ന ചോദ്യത്തിന് 'വ്യക്തിയല്ലേ, യാത്രയുണ്ടാവും' എന്ന് പറഞ്ഞ് വിജയരാഘവൻ ഒഴിഞ്ഞു മാറി.