അമ്പലപ്പുഴ: വീടിനു സമീപത്തെ റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിന്റെയും ഓട്ടോറിക്ഷയുടെയും ചില്ലുകൾ എറിഞ്ഞു തകർത്ത നിലയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ഏഴരച്ചിറയിൽ മിഥുന്റെ കാറിന്റെ പിൻഭാഗത്തെ ചില്ലും വണ്ടാനം ഷാജി മൻസിലിൽ (കുരിക്കാ പറമ്പിൽ) ഷാജിയുടെ ഓട്ടോറിക്ഷയുടെ ചില്ലുമാണ് തകർത്തത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പഴയ നടക്കാവ് റോഡിന്റെ ഓരത്താണ് വാഹനങ്ങൾ പാർക്കു ചെയ്തിരുന്നത്. ചില്ലുതകരുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. എറിഞ്ഞു തകർക്കാൻ ഉപയോഗിച്ച പാറക്കല്ല് കാറിൽ നിന്ന് കണ്ടെത്തി. പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.