s

അമ്മയ്ക്ക് 41 ദിവസം തടവ്

ഹരിപ്പാട്: അമ്മയുടെ ഒത്താശയോടെ, 13 വയസുള്ള പെൺകുട്ടിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പൂജാരിയായ രണ്ടാനച്ഛന് നാല് ജീവപര്യന്തവും 26 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മകളെന്ന യാഥാർത്ഥ്യം മറന്ന അമ്മയ്ക്ക് 41 ദിവസം തടവുശിക്ഷ. നൂറനാട് പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പൊൻകുന്നം സ്വദേശി സിനോഷ് കുമാർ (ഹരിനാരായണൻ നമ്പൂതിരി-41), കുട്ടിയുടെ അമ്മ രാധാദേവി (48) എന്നിവരെ ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ശാലീന വി.ജി.നായർ ശിക്ഷിച്ചത്.

ഭർത്താവ് മരിച്ചതിനെ തുടർന്ന് നാല് പെൺ മക്കളെയും ബാലികാസദനങ്ങളിലാക്കിയ ശേഷം രാധാദേവി പ്രതിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. തുടർന്ന് വാടക വീട് എടുത്ത് കുട്ടികളെ കൂടെ താമസിപ്പിച്ചു. നെടിയവിള, ഇടപ്പോൺ, ചെറുമുഖ എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിക്കവേയാണ് കുട്ടികളുടെ നേർക്ക് ഉപദ്രവം തുടങ്ങിയത്.

19 വയസുള്ള മൂത്ത മകളെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതോടെ ഈ കുട്ടി വീട് വിട്ട് പോകുകയും ബന്ധുവിന്റെ സഹായത്തോടെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ 15, 14 വയസുള്ള കുട്ടികൾക്ക് നേരെയായി അതിക്രമങ്ങൾ. ഉപദ്രവം തടയാനായി കുട്ടികൾ സേഫ്റ്റി പിൻ, ബ്ളേഡ് എന്നിവ കൈയിൽ കരുതിയാണ് രാത്രിയിൽ ഉറങ്ങിയിരുന്നത്. ഉപദ്രവം തുടർന്നതോടെ രണ്ട് കുട്ടികളും ബാലികാസദനത്തിലേക്കു മടങ്ങി. തുടർന്നാണ് 13 കാരിക്കു നേരെ പീഡനം തുടങ്ങിയത്. കുട്ടിക്ക് 12 വയസുള്ളപ്പോൾ മുതൽ പ്രകൃതിവിരുദ്ധ പീഡനവും ക്രൂരമായ ലൈംഗിക പീഡനവും നടത്തിയിരുന്നു. ബാലികാസദനത്തിലേക്ക് മടങ്ങിയ കുട്ടികളുടെ രേഖകൾ തിരികെ കിട്ടാനായി റാന്നി പൊലീസിൽ പ്രതി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടികൾ പൊലീസിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുവിന്റെ സഹായത്തോടെ നൂറനാട് പൊലീസിൽ പരാതി നൽകി.

26 വർഷം തടവ് ആദ്യവും തുടർന്ന് നാല് ജീവപര്യന്തവും അനുഭവിക്കണമെന്നാണ് വിധി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.