നഗരസഭയുടെ ആദ്യ ബഡ്‌ജറ്റിൽ ആധുനിക അറവുശാല ഉൾപ്പെടുത്തണമെന്ന് ആവശ്യം

ആലപ്പുഴ: നഗരത്തിന്റെ മാലിന്യത്തൊട്ടിയായി മാറിയ ആധുനിക അറവുശാലയ്ക്ക് ശാപമോക്ഷം ലഭിക്കണമെങ്കിൽ പുതിയ നഗരസഭ ഭരണസമിതിയുടെ ആദ്യ ബ‌ഡ്ജറ്റ് കനിയണം. അറവുമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ലക്ഷ്യംവെച്ച് ആരംഭിച്ച അറവുശാല വർഷങ്ങളായി പ്രവർത്തനരഹിതമായതോടെയാണ് പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയത്. ഒരു കോടി മുതൽ മുടക്കിൽ 2009ലാണ് വഴിച്ചേരിയിൽ അറവുശാല സ്ഥാപിച്ചത്. നഗരത്തിലെ കനാലുകളെയും പൊതുവഴികളെയും മാലിന്യമുക്തമാക്കാനും നഗരവാസികൾക്ക് മികച്ച നിലവാരത്തിലുള്ള അറവുമാംസം ഉറപ്പുവരുത്താനുമായിരുന്നു പ്ലാന്റ് ലക്ഷ്യമിട്ടത്.

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച അറവുശാലയിൽ ഒരു സമയം 50 കാലികളെ കശാപ്പ് ചെയ്യാനും അവയുടെ മാലിന്യസംസ്കരണത്തിനുമുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. എന്നാൽ ദിനംപ്രതി 150 കാലികളെ വരെ കശാപ്പ് ചെയ്യാൻ തുടങ്ങിയതോടെ പ്ലാന്റിലെ പൾവനൈസറിന്റെ പ്രവർത്തനം തകരാറിലായി. ഇത് പരിഹരിക്കാൻ 35 ലക്ഷത്തോളം രൂപ നഗരസഭ അധികമായി ചെലവഴിച്ചെങ്കിലും ഫലം കണ്ടില്ല. സംസ്കരണം പാളി മാലിന്യം കെട്ടികിട്ടക്കുകയും കനാലുകളിലും ഓടകളിലും പരക്കുകയും ചെയ്തതോടെ അറവുശാലയ്ക്ക് അനിശ്ചിതകാല പൂട്ട് വീണു. ആധുനിക അറവുശാല നിലച്ചതോടെ നഗരത്തിൽ അനധികൃത അറവുകേന്ദ്രങ്ങൾ പെരുകി. നഗരസഭ നൽകുന്ന അംഗീകൃത ലൈസൻസ് മാത്രം ഉപയോഗിച്ചേ അറവുശാലകൾ പ്രവർത്തിക്കാവൂ എന്നാണ് ചട്ടം.

നവീകരണം കടലാസിൽ

അറവുശാല ഉപയോഗശൂന്യമായതിനെതുടർന്ന് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസിറ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന കേന്ദ്രമാണിപ്പോൾ ഇവിടം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ടെണ്ടർ നടപടികൾ പൂർത്തിയായതോടെ നവീകരണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ഭരണ സമിതി അറിയിച്ചിരുന്നത്. സർക്കാർ തലത്തിൽ നിന്ന് പണം ലഭിക്കാത്തതിനാൽ നഗരസഭയുടെ തനത് ഫണ്ടുപയോഗിച്ച് അധുനിക അറവുശാല നിർമിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നവീകരണം കടലാസിൽ ഒതുങ്ങി.

പരിശോധന കർശനമാക്കണം

അറവുമാലിന്യങ്ങൾ ചാക്കിൽ കെട്ടി കനാലുകളിലും റെയിൽവേ ലൈനുകളുടെ പരിസരത്തും നിക്ഷേപിക്കുന്നത് പതിവാണ്. കാലികളെ അറക്കുന്ന കടകളോട് ചേർന്ന് ലിറ്റർ കണക്കിന് രക്തമാണ് കാനകളിലേക്ക് ഒഴുക്കിവിടുന്നത്. കൃത്യമായ മാലിന്യ സംസ്കാരണം നടക്കുന്നുണ്ടോ എന്ന് ആരോഗ്യവിഭാഗം തുടർച്ചയായി പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

ആധുനിക അറവുശാല എന്തിനുവേണ്ടിയാണോ ആരംഭിച്ചത്, അതിന്റെ പ്രയോജനം ലഭിച്ചിട്ടേയില്ല. ഉദ്ഘാടനം നടന്ന ആദ്യ നാളുകളിൽ മാത്രമാണ് കേന്ദ്രം തുറന്ന് പ്രവർത്തിച്ചത്. ശുചിത്വ നഗരമെന്ന പുരസ്കാരം നേടിയ ആലപ്പുഴയ്ക്ക് ചീത്തപ്പേരാണ് ഇന്ന് നഗരത്തിൽ നടക്കുന്ന അറവുമാലിന്യ സംസ്കരണം

- അഡ്വ റീഗോ രാജു, വാർഡ് കൗൺസിലർ

അറവുശാല നവീകരിക്കുമെന്ന് കഴിഞ്ഞ ഭരണ സമിതി നൽകിയ വാഗ്ദാനം നടപ്പാക്കിയില്ല. ഇത്തവണ ബ‌ഡ്ജറ്റിൽ തുക ഉൾപ്പെടുത്തി നഗരത്തിലെ അറവുമാലിന്യ പ്രശ്നത്തിന് പരിഹാരം കാണും.

- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ, ആലപ്പുഴ