
അമ്പലപ്പുഴ- എറണാകുളം തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ നീളുന്നു
ആലപ്പുഴ: റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിട്ടും അമ്പലപ്പുഴ- എറണാകുളം തീരദേശ പാതയിലെ 70 കിലോമീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കാത്തതിനാൽ പാത ഇരട്ടിപ്പിക്കൽ അനന്തമായി നീളുന്നു.
പൂർണ്ണ ചെലവിൽ അമ്പലപ്പുഴ- എറണാകുളം പാത ഇരട്ടിപ്പിക്കലിന് കഴിഞ്ഞ വർഷമാണ് റെയിൽവേ ബോർഡ് അനുമതി നൽകിയത്. പക്ഷേ, പ്രാരംഭ നടപടികൾക്കു പോലും തുടക്കമായിട്ടില്ല. നിലവിൽ പഴി കൊവിഡിനാണ്. ട്രെയിൻ സർവീസ് അവതാളത്തിലായതോടെ വികസന പ്രവർത്തനത്തിനു പണം ഇല്ലാതായതും സ്ഥലം ഏറ്റെടുക്കൽ വൈകാൻ കാരണമായി. പുതിയ ട്രെയിനുകൾ ആരംഭിക്കാനാവാത്തത് പാത ഇരട്ടിപ്പിക്കൽ നടക്കാത്തതു മൂലമാണെന്ന് റെയിൽവേ ബോർഡിനെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബോദ്ധ്യപ്പെടുത്തിയതോടെ അനുമതി തടസങ്ങൾ നീങ്ങിയെങ്കിലും കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നില്ല.
എറണാകുളം- കുമ്പളം, കുമ്പളം- തുറവൂർ, തുറവൂർ- അമ്പലപ്പുഴ ഇരട്ടിപ്പിക്കലിന് ഏറ്റെടുക്കുന്ന 62 ഹെക്ടറിന്റെയും വില റെയിൽവേയാണ് നൽകുന്നത്. 1500 കോടിയാണ് ചെലവ്. സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാനം പാതി ചെലവ് വഹിക്കണമെന്ന് റെയിൽവേ നിലപാട് എടുത്തിരുന്നെങ്കിലും കഴിയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ പദ്ധതി റെയിൽവേ മരവിപ്പിച്ചിരുന്നു. എ.എം.ആരിഫ് എം.പി കേന്ദ്ര മന്ത്രിക്കും ദക്ഷിണ റെയിൽവേ മേഖല ചെയർമാനും നൽകിയ നിവേദനത്തെ തുടർന്നാണ് ഇരട്ടിപ്പിക്കലിന്റെ പൂർണ്ണ ചെലവ് റെയിൽവേ വഹിക്കാൻ തീരുമാനിച്ചത്. എറണാകുളം മുതൽ കുമ്പളം വരെയുള്ള എട്ട് കിലോമീറ്ററിൽ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. കുമ്പളം-ആലപ്പുഴ വരെ സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമിറക്കി. എന്നാൽ ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് ഒന്നും നടന്നില്ല.
വൈകിയോട്ടം
തീരപാതയിലൂടെ സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. റെയിൽവേയുടെ മിഷൻ 2024 പ്രകാരം രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിപ്പിക്കൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ കുറഞ്ഞത് 10 വർഷത്തിലധികം വേണ്ടിവരും ഇരട്ടിപ്പിക്കൽ പൂർത്തിയാകാൻ. തിരുവനന്തപുരം ചീഫ് എൻജിനീയറുടെ പരിധിയിലുള്ള കായംകുളം-അമ്പലപ്പുഴ ഭാഗം മാത്രമാണ് പൂർണമായി ഇരട്ടിപ്പിച്ചിട്ടുള്ളത്. എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കീഴിലാണ് എറണാകുളം- അമ്പലപ്പുഴ ഭാഗം. അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിച്ചത് എട്ട് വർഷംകൊണ്ടാണ്.
ഏറ്റെടുക്കാൻ എൽ.എ വിഭാഗം
കായംകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ എൽ.എ വിഭാഗത്തിനാണ് അമ്പലപ്പുഴ-എറണാകുളം പാതയുടെയും ചുമതല. മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ എ.എം.ആരിഫ് എം.പി വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അടിയന്തരമായി ചുമതലനൽകാൻ റവന്യു വകുപ്പിനോട് നിർദേശിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുക്കാൻ പണം കൈമാറാത്തതും തടസമാകുന്നു.
തീരദേശപാതയുടെ ചരിത്രം
തീരദേശ പാതf;ക്ക് ബഡ്ജറ്റ് ടോക്കൺ: 1977
എറണാകുളം-ആലപ്പുഴ പാത കമ്മിഷൻ: 1989
കായംകുളം വരെയുള്ള രണ്ടാം ഘട്ടം കമ്മിഷനിംഗ്: 1991
എറണാകുളം- കായംകുളം ദൈർഘ്യം: 110 കിലോ മീറ്റർ
അമ്പലപ്പുഴ - എറണാകുളം ദൈർഘ്യം: 70 കിലോ മീറ്റർ
..........................................
അമ്പലപ്പുഴ- എറണാകുളം പാത ഇരട്ടിപ്പിക്കലിന് റെയിൽവേയുടെ മിഷൻ 2024 പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്ജറ്റിൽ പണം അനുവദിച്ചു. കുമ്പളം-അരൂർ പാലം ഉൾപ്പെടെയുള്ള പാലങ്ങളുടെ നിർമ്മാണത്തിനും മറ്റ് ജോലികൾക്കുമായി ബഡ്ജറ്റിൽ 1500 കോടി രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്
എ.എം.ആരിഫ് എം.പി