ആലപ്പുഴ: കയർമേഖലയുടെ നവീകരണത്തിന് സർക്കാർ ബഡ്ജറ്റിൽ കോടികൾ ഉൾപ്പെടുത്തി പ്രഖ്യാപനങ്ങൾ നടത്തുമെങ്കിലും മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരമില്ലെന്ന് കേരള സ്റ്റേറ്റ് കയർതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ഓർഡർ ലഭിക്കാത്തതിനാൽ കയർഫാക്ടറി മേഖലയിലെ ചെറുകിട ഉത്പാദകരും തൊഴിലാളികളും മാസങ്ങളായി തൊഴിൽ രഹിതരാണ്. കയർപിരിമേഖലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. സംഘങ്ങൾക്ക് പ്രവർത്തന മൂലധനം പോലും നൽകാതെ മന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങൾ മുളക്കാത്ത വിത്തുകളാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കയർമേഖലകളിൽ സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.രാജേന്ദ്രൻ, കെ.ദേവരാജൻ, പി.ഡി.ശ്രീനിവാസൻ, പി.ആർ.ശശിധരൻ, ആർ.ഭദ്രൻ, കെ.സുരേന്ദ്രൻ, റീന സജീവ്, എൻ.സുമത്രൻ, ബേബി, ഡി.ഉദയഭാനു, ബാഹുലേയൻ എന്നിവർ സംസാരിച്ചു.