
ആലപ്പുഴ: കൊവിഡ് മുന്നണി പോരാളിയായി ദേശീയ വനിത കമ്മിഷൻ കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത ആരോഗ്യപ്രവർത്തക വസന്തി ലാറ പുരസ്കാരം ഏറ്റുവാങ്ങി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടറാണ്.
കഴിഞ്ഞ ദിവസം ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിൽ നിന്നാണ് 'കൊവിഡ് വിമൻ വാരിയേഴ്സ്, ദി റിയൽ ഹീറോസ്' പുരസ്കാരം സ്വീകരിച്ചത്. പ്രളയകാലത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിറുത്തി 2018ലെ നഴ്സിംഗ് ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അവാർഡും ലഭിച്ചിരുന്നു. ആലപ്പുഴ മുല്ലയ്ക്കൽ വാർഡിൽ സാറാ വില്ലയിൽ ഷെബീർ ഖാന്റെ ഭാര്യയാണ്. മകൻ ഡോ.ഇസ്മയിൽ ഷെബീർ അമ്പലപ്പുഴയിൽ ദന്ത ഡോക്ടറാണ്. മകൾ സാറ ലാറ ഖാൻ യൂറോപ്പിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.