ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ മാമോഗ്രാം മെഷീൻ തകരാറിലായി ഒരു വർഷമായിട്ടും പരിഹാരമില്ല. സ്തനാർബുദ പരിശോധനയ്ക്കുള്ള യന്ത്രം നോക്കുകുത്തിയായതോടെ അർബുദ പരിശോധനയ്ക്കെത്തുന്ന നിർദ്ധനരായ രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.

10 വർഷത്തോളം പഴക്കമുള്ള യന്ത്രം അറ്റകുറ്റപ്പണി നടത്താനാവാത്ത അവസ്ഥയിലാണ്.

മെഡി. ആശുപത്രിയിൽ 250 രൂപ ചെലവു വരുന്ന പരിശോധനയ്ക്ക് സ്വകാര്യ ലാബുകളിലും, ആശുപത്രികളിലും 1800 മുതൽ 2000 വരെയാണ് ഈടാക്കുന്നത്. സ്തനാർബുദം ആരംഭത്തിലേ കണ്ടുപിടിക്കാൻ മാമോഗ്രാം എക്സ് റെ ആണ് ഡോക്ടർമാർ ആശ്രയിക്കുന്നത്. ഇതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

പുതിയ ഡിജിറ്റൽ മാമോഗ്രാം മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യം ആശുപത്രി വികസന സമിതി യോഗത്തിൽ പല അംഗങ്ങളും ഉന്നയിച്ചിരുന്നു. രണ്ടര കോടി ചെലവു വരും. ഇതിനായി ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.