
കളത്തിലിറങ്ങുമോ ഡോ. കെ.എസ്. മനോജ് ?
ആലപ്പുഴ: തിരുവനന്തപുരത്തു വച്ച് വി.എസ്. അച്യുതാനന്ദനെ കണ്ടപ്പോൾ അദ്ദേഹം ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ, മനോജ് എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിട്ടുണ്ടോ? മറുപടിയും ഒന്നിലൊതുങ്ങി; ഇല്ല. ഇരുവഴിക്ക് പിരിയേണ്ട കൂടിക്കാഴ്ച പക്ഷേ, ഒരുവഴിയിൽ സന്ധിച്ചു. ഡോ. കെ.എസ്. മനോജ് എന്ന മനോജ് കുരിശിങ്കൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ 2004ൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി. ആ തേരോട്ടത്തിൽ അടിതെറ്റി വീണത് കോൺഗ്രസിലെ കരുത്തൻ വി.എം. സുധീരൻ. അടുത്ത തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാലിനോടു തോറ്റെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ ഡോ. കെ.എസ്. മനോജ് എന്ന പേര് ആലപ്പുഴയിലും പരിസരങ്ങളിലും അശരീരിയായിത്തുടങ്ങി. നിലവിലെ വാർത്തകളെപ്പറ്റി ചോദിച്ചാൽ ഡോക്ടർക്ക് ഒരു മറുപടിയേയുള്ളൂ, 'ഞാൻ പാർട്ടിയിൽ സജീവമാണ്'.
സി.പി.എമ്മുമായി തെറ്റിയ മനോജിനെ കോൺഗ്രസ് പാളയത്തിലെത്തിച്ചത് എ.ഐ.സി.സി ജനറൽസെക്രട്ടറിയായ കെ.സി.വേണുഗോപാൽ ആയിരുന്നു. ലത്തിൻ കാത്തലിക് വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ മനോജിനെ കളത്തിലിറക്കി ആലപ്പുഴ നിയമസഭ മണ്ഡലം കൈപ്പിടിയിലൊതുക്കാനാണ് കോൺഗ്രസ് ശ്രമം. കഴിഞ്ഞ തവണ എറണാകുളത്തു നിന്ന് കെട്ടിയിറക്കിയ അഡ്വ. ലാലി വിൻസെന്റ് ദയനീയമായി പരാജയപ്പെട്ടതോടെ മണ്ഡല പരിചമുള്ളയാളിലേക്ക് ചർച്ച എത്തുകയായിരുന്നു. കുതികാൽവെട്ട് നടന്നില്ലെങ്കിൽ മനോജ് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും.
ലത്തിൻ രാഷ്‌ട്രീയം
ചെറുപ്പം മുതൽ ലത്തിൻ സമുദായവുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. ഡോക്‌ടറായതോടെ തീരപ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് സന്നദ്ധപ്രവർത്തകനായി. 2001ൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി സി.പി.ഐക്കാർ മനോജിനെ തേടിയെത്തി. പക്ഷേ, ദൗത്യം ഏറ്റെടുത്തില്ല. പിന്നീട് പി.ജിക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേർന്നു. 2004ൽ പരീക്ഷ എഴുതേണ്ട സമയത്തിന് തൊട്ടു മുമ്പാണ് എറണാകുളത്തുള്ള വ്യവസായിയും വി.എസിന്റെ അടുത്ത സുഹൃത്തുമായ ഒരാൾ കൃപാസനം ഡയറക്‌ടറായ ഫാ. വി.പി.ജോസഫിനെ സമീപിച്ചത്. ആലപ്പുഴ ലാേക്‌സഭ മണ്ഡലത്തിലേക്ക് പറ്റിയ സ്ഥാനാർത്ഥിയെ വേണമെന്നായിരുന്നു ആവശ്യം. ഫാദർ നിർദ്ദേശിച്ചതോടെയാണ് തിരുവനന്തപുരത്തുവച്ച് വി.എസിനെ കണ്ടത്.
പിന്നീട് വി.എസിന്റെ ഓഫീസിൽ നിന്ന് വിളിയെത്തി. വൈകിട്ട് ആലപ്പുഴയിലെത്തണം. അവിടെ വച്ച് വി.എസ് പ്രഖ്യാപിച്ചത് മനോജിന്റ സ്ഥാനാർത്ഥിത്വമാണ്!
തെറ്റുതിരുത്തലിൽ തെറ്റി
ഗവ. ഡോക്‌ടർമാർക്ക് ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്‌ടീസാകാമെന്ന് ലേഖനമെഴുതിയതോടെ പാർട്ടി വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു. പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും മതകാര്യങ്ങളിൽ പങ്കെടുക്കരുതെന്ന തെറ്റുതിരുത്തൽ രേഖ നടപ്പാക്കാൻ തീരുമാനിച്ചതോടെ മനോജ് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് തുറന്ന കത്തെഴുതി. തുടർന്ന് രാജിവച്ചു.
ഖദറിലേക്ക്
മനോജിന് പറ്റിയ പാർട്ടിയല്ല സി.പി.എമ്മെന്ന് കെ.സി. വേണുഗോപാലും ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനും എപ്പോഴും പറഞ്ഞിരുന്നത് മനോജ് ഓർത്തെടുത്തു. 2010 ൽ കോൺഗ്രസിൽ ചേർന്നു. 2010ൽ ഡൽഹിയിലേക്ക് പോയെങ്കിലും പിന്നീട് കുടുംബസമേതം മസ്ക്കറ്റിലായിരുന്നു. അടുത്തിടെയാണ് തിരികെ എത്തിയത്. അതുതന്നെയാണ് കോൺഗ്രസിലെ സ്ഥാനാർത്ഥി മോഹികളുടെ ആയുധവും. എന്നാൽ, ഇപ്പോഴത്തെ എതിർപ്പുകൾ സ്വാഭാവികമെന്ന നിലപാടുകാരനാണ് മനോജ്. ഖദർ ഷർട്ട് ധരിച്ച് മണ്ഡലത്തിലെ പരിപാടികളിൽ സജീവമാകുന്ന കാഴ്ച പടയൊരുക്കത്തിന്റെ മുന്നോടിയെന്നത് വ്യക്തം.