
ആലപ്പുഴ: കരസേനയിൽ ജോലി നേടുകയെന്ന ലക്ഷ്യത്തോടെ ജിംനേഷ്യത്തിൽ പരിശീലനം ആരംഭിച്ച 19കാരി അഞ്ജന ആലപ്പുഴ ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരത്തിൽ 'മിസ് വുമൺ ഫിസിക് ഒഫ് ആലപ്പി' ആയി തിരഞ്ഞെടുക്കപ്പെട്ടു.
കരുവാറ്റ കൊട്ടാരവളവ് കൊട്ടാരത്തിൽ ബേബി- സിന്ധു ദമ്പതികളുടെ മകളും പുന്നപ്ര കാർമൽ എൻജിനീയറിംഗ് കോളേജിലെ ബി ടെക് ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ അഞ്ജന ബേബി ചുരുങ്ങിയ കാലയളവിലാണ് നേട്ടം കൈവരിച്ചത്.
കരുവാറ്റ ഫിറ്റ്നെസ് ഗുരു ജിംനേഷ്യത്തെ പ്രതിനിധീകരിച്ചാണ് അഞ്ജന പങ്കെടുത്തത്. നാല് മാസം മുമ്പാണ് പരിശീലനം ആരംഭിച്ചത്. ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള കായിക ക്ഷമതാ പരിശീലനവും ഫിറ്റ്നെസ് ഗുരുവിൽ നിന്ന് ലഭിക്കുന്നുണ്ട്. മനുവാണ് പരിശീലകൻ. കൃത്യമായ ചിട്ടവട്ടങ്ങളിലൂടെയാണ് നേട്ടം സ്വന്തമാക്കിയതെന്ന് അഞ്ജന പറഞ്ഞു.