
പൂച്ചാക്കൽ : അനധികൃത കക്ക വാരൽ സജീവമായതോടെ, സർക്കാരിൽ നിന്ന് പാസെടുത്ത് കറുത്ത കക്ക വാരി സംഭരിച്ച് വിൽക്കുന്ന തൈക്കാട്ടുശേരി കറുത്ത കക്ക വ്യവസായ സഹകരണ സംഘം കടുത്ത പ്രതിസന്ധിയിൽ. കൈതപ്പുഴ,വേമ്പനാട് കായലുകളിൽ നിന്ന് കക്ക വാരുന്ന തൊഴിലാളികൾ അരനൂറ്റാണ്ടിലധികമായി ആശ്രയിക്കുന്നതാണ് ഈ സംഘം. ഒരു ടണ്ണിന് 80 രൂപ പ്രകാരം സർക്കാരിലേക്ക് റോയൽറ്റി വിഹിതം അടച്ചാണ് കക്ക വാരാനുള്ള പാസ് ഫിഷറീസ് വകുപ്പിൽ നിന്നും കക്ക വ്യവസായ സഹ.സംഘം എടുക്കുന്നത്. മാത്രമല്ല, കമ്പനികൾക്ക് വിൽക്കുന്ന കക്കയ്ക്ക് ടണ്ണിന് 222 രൂപ വീതം ജി.എസ്.ടി ഇനത്തിൽ സർക്കാരിലേക്ക് നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ, സംഘത്തിൽ അംഗത്വമെടുക്കാതെ, അനധികൃതമായി കക്ക വാരുകയും കറുത്ത കക്ക വിൽക്കുകയും ചെയ്യുന്നവർ സജീവമായതും ഇവർക്കെതിരെ ഫിഷറീസ് വകുപ്പിൽ നിന്ന് കർശന നടപടി ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതാണ് സംഘം ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി. സർക്കാരിനും വൻ വരുമാന നഷ്ടമാണ് അനധികൃത കക്ക വാരലിലൂടെ ഉണ്ടാകുന്നത്. ഇക്കൂട്ടർ യാതൊരു നിയന്ത്രണവുമില്ലാതെ പൊടികക്ക പോലും വാരിയെടുക്കുന്നത് കായലിലെ കക്ക സമ്പത്തിന്റെ നാശത്തിനു ഇടയാക്കും. അനധികൃത കക്ക വാരലിനെതിരെ ചില സമയങ്ങളിൽ ഫിഷറീസ് വകുപ്പ് നിയമ നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും ഇതിന് തടയിടാൻ കഴിഞ്ഞിട്ടില്ല.
പ്രതിസന്ധിയുടെ ആഴം
കക്ക നീറ്റി ചുണ്ണാമ്പും കുമ്മായവുമൊക്കെ ഉണ്ടാക്കിയിരുന്ന ചൂളകൾ പരിസ്ഥിതി പ്രശ്നങ്ങൾ മൂലം അടച്ചു പൂട്ടേണ്ടി വന്നതോടെ പ്രാദേശിക ഉപഭോഗം ഇല്ലാതായതും സംഘത്തിന് തിരിച്ചടിയായി. സംഭരിക്കുന്ന അറുപത് ശതമാനം കക്കയും വാങ്ങിച്ചിരുന്ന കോട്ടയത്തെ വേമ്പനാട് സിമന്റ് ഫാക്ടറിയുടെ പ്രവർത്തനം നിലച്ചതോടെ കറുത്ത കക്ക കേരളത്തിന് ആവശ്യമില്ലാത്ത അസംസ്കൃത വസ്തുവായി മാറി .ഇപ്പോൾ തമിഴ്നാട്ടിലെ ബ്ലീച്ചിംഗ് കമ്പനികളിലും പെയിന്റ് കമ്പനികളിലും കോഴിഫാമുകളിലും മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. കക്കായിറച്ചിക്ക് മത്സ്യത്തിന് കിട്ടുന്ന സ്വീകാര്യതയില്ലാത്തതാണ് ഈ മേഖലയിലെ മറ്റൊരു പ്രശ്നം. നക്ഷത്ര ഹോട്ടലുകളിലെ മെനുവിൽ ഇടം പിടിച്ചിട്ടും പോഷക സമൃദ്ധമായ കക്കായിറച്ചിക്ക് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കുറവായതോടെ കക്ക വാരൽ തൊഴിലായി സ്വീകരിച്ചിരുന്ന ആയിരക്കണക്കിനു പേരാണ് ഉപജീവനത്തിനായി മറ്റ് മാർഗങ്ങൾ തേടിയത്.
തൊഴിലാളികൾക്കായി തുടങ്ങിയ പ്രസ്ഥാനം
പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം, വയലാർ ,പട്ടണക്കാട് എന്നീ അഞ്ചു പഞ്ചായത്തുകളിലെ കക്ക തൊഴിലാളികളെ കുത്തകകളുടെ ചൂഷണത്തിൽ നിന്നും മുക്തരാക്കുവാൻ 1966 ൽ പരേതനായ പി.സി. കുഞ്ഞന്റെ നേതൃത്വത്തിലാണ് കറുത്ത കക്ക വ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനം തുടങ്ങിയത്. കക്ക തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ വലിയ പങ്കാണ് ഈ സഹകരണ പ്രസ്ഥാനം വഹിക്കുന്നത്.
1.അനധികൃത കക്ക വാരലിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടികൾ സ്വീകരിക്കണം.
2.കറുത്ത കക്ക നീറ്റി കുമ്മായവും ചുണ്ണാമ്പും ഉത്പാദിപ്പിക്കുന്നതിന് ആധുനികചൂളകൾ നിർമ്മിക്കണം.
ആയിരക്കണക്കിന് അംഗങ്ങൾ ഉണ്ടായിരുന്ന സംഘത്തിൽ ഇപ്പോൾ സജീവമായി നിൽക്കുന്നത് 654 പേർ മാത്രമാണ്.
സി.വി.മോഹനൻ, പ്രസിഡന്റ് കറുത്ത കക്ക വ്യവസായ സഹകരണ സംഘം,തൈക്കാട്ടുശേരി.