 ബി.ജെ.പി ഭരണത്തിലെത്തും

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് വിജയമ്മ ഫിലേന്ദ്രൻ രാജിവെച്ചു. ശനിയാഴ്ച പഞ്ചായത്ത് ഓഫീസ് അടയ്ക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് സെക്രട്ടറി എസ്.സബീനക്ക് രാജിക്കത്ത് നൽകിയത്. ഇതോടെ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിൽ എത്തുമെന്ന് ഉറപ്പായി.

മൂന്ന് മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന 18 അംഗ പഞ്ചായത്ത് സമിതിയിൽ കോൺഗ്രസ് പിന്തുണയോടെയാണ് സി.പി.എം അംഗം വിജയമ്മ ഫിലേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അധികാരത്തിൽ എത്തിയത്. ഭരണസമിതയിൽ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷമില്ല. കോൺഗ്രസിനും ബി.ജെ.പിക്കും ആറ് വീതം അംഗങ്ങളും എൽ.ഡി.എഫിന് അഞ്ചും കോൺഗ്രസ് വിമതൻ ഒരാളും എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സംവരണമാണ് പ്രസിഡന്റ് സ്ഥാനം. എന്നാൽ കോൺഗ്രസിന് പട്ടികജാതി വിഭാഗത്തിൽ പെട്ട വനിത ഇല്ലാത്തതിനാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്താനായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പിന്തുണ നൽകുകയായിരുന്നു. പക്ഷേ, കോൺഗ്രസ് പിന്തുണ വേണ്ടെന്ന് സി.പി.എം ജില്ലാ നേതൃത്വം നിലപാടെടുത്തതോടെയാണ് 38 ദിവസത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം വിജയമ്മ ഫിലേന്ദ്രൻ ഒഴിഞ്ഞത്.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്. ഇനി നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഒന്നാം വാർഡിൽ നിന്നാണ് വിജയമ്മ ഫിലേന്ദ്രൻ വിജയിച്ചത്. എൽ.സി സെക്രട്ടറിയാണ് ഭർത്താവ് ഫിലേന്ദ്രൻ. തിരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന് ഇദ്ദേഹം അവധിയിലാണ്. പകരം ചുമതല പ്രൊഫ. കെ.സുധാകരക്കുറുപ്പിനാണ്.