ആലപ്പുഴ: ആലപ്പുഴ രാമവർമ്മ ക്ളബ്ബിലെ ബാറിൽ നിന്ന് ഘട്ടം ഘട്ടമായി ഏഴ് ലക്ഷം രൂപയുടെ മദ്യം കാണാതായ സംഭവത്തിൽ ക്ളബ്ബ് ഭാരവാഹികളുടെ പരാതിയെ തുടർന്ന് ബാർമാനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തു.
ബാറിന്റെ പ്രവർത്തനത്തിൽ നിന്ന് ക്ളബ്ബിന് ലഭിക്കേണ്ട ലാഭത്തിൽ രണ്ടു വർഷമായി കുറവ് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ ക്ളബ്ബ് ഭാരവാഹികൾ വരവ് ചെലവ് കണക്കും മറ്റു രേഖകളും പരിശോധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മദ്യത്തിന്റെ കുറവ് സ്റ്റോക്കിൽ കണ്ടെത്തി. തുടർന്ന് ക്ളബ്ബ് ഭാരവാഹികൾ കഴിഞ്ഞ ഡിസംബറിൽ സൗത്ത് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാർമാനെതിരെ കഴിഞ്ഞമാസം കേസ് എടുത്തു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് സൗത്ത് സി.ഐ പറഞ്ഞു.