തുറവൂർ: വില്പനയ്ക്കിടെ ഒന്നേകാൽ കിലോ കഞ്ചാവുമായി പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡ് മേനാശേരി പടന്നതറ വീട്ടിൽ അനിൽ മോഹനെ (26) ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിലുള്ള സംഘം മേനാശ്ശേരി ഭാഗത്തു നിന്നു പിടികൂടി. കഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നു കഞ്ചാവ് വാങ്ങാനെത്തിയ വെട്ടയ്ക്കൽ സ്വദേശി ശരത്ത് ഓടി രക്ഷപ്പെട്ടു. ശരത്തിനെ രണ്ടാം പ്രതിയാക്കി കേസ് എടുത്തു.
ലോക്ക് ഡൗൺ സമയത്തു തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് ഇവർ കഞ്ചാവ് കച്ചവടത്തിലേക്കു തിരിഞ്ഞത്. എറണാകുളം ഞാറയ്ക്കൽ ഭാഗത്തു നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ആവശ്യക്കാർ പണം നൽകുന്ന മുറയ്ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് രീതി. ശരത്ത് പണം നല്കിയതനുസരിച്ചാണ് കഞ്ചാവ് എത്തിച്ചതെന്ന് അനിൽ മോഹൻ മൊഴി നൽകി. സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്, അനിലാൽ, പ്രിവന്റിവ് ഓഫീസർമാരായ ഷിബു പി.ബെഞ്ചമിൻ, ഡി. മയാജി, ആർ. അശോകൻ, ഡ്രൈവർ എസ്.എൻ സന്തോഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.