
കരിമീനിന്റെ വില കുറഞ്ഞു
ആലപ്പുഴ : വേമ്പനാട്ടു കായലിൽ ലഭ്യത കൂടിയതോടെ, മീൻ പ്രേമികളുടെ ഇഷ്ട ഇനമായ കരിമീനിന് വില ഇടിഞ്ഞു തുടങ്ങി. ഒരു കിലോഗ്രാം കരിമീനിന് 80 രൂപ മുതൽ നൂറു രൂപവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്.
ആവശ്യക്കാർ കൂടുതലുണ്ടെങ്കിലും ഉയർന്ന വിലയായിരുന്നു കരിമീൻ വാങ്ങുന്നതിൽ നിന്ന് സാധാരണക്കാരനെ പിന്നോട്ടുവലിച്ചിരുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിലവിൽ 230 രൂപ മുതൽ 450 രൂപ വരെയാണ് വിവിധ വലിപ്പത്തിലുള്ള ഒരു കിലോഗ്രാം കരിമീനിന് വില. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചതിനാൽ കായലിൽ ഒഴുക്ക് കുറവായതിനാൽ തെളിഞ്ഞ വെള്ളമുള്ള ഭാഗത്ത് കരിമീൻ കൂടുതൽ കാണപ്പെടും. വർഷത്തിൽ 365 ദിവസവും പ്രജനനശേഷിയുള്ള മത്സ്യമാണ് കരിമീൻ. ഒരു വള്ളത്തിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ശരാശരി 20 -25 കിലോഗ്രാം കരിമീൻ വരെ ദിവസേന ലഭിക്കുന്നുണ്ട്.
സംഘങ്ങൾളെ കൂടാതെ, തൊഴിലാളികളിൽ നിന്ന് നേരിട്ട് കരകിമീൻ വാങ്ങി കച്ചവടം നടത്തുന്നവരും വിലകുറച്ചിട്ടുണ്ട്. ഇതോടെ നാടൻ കരിമീനിന്റെ വ്യാജനായി എത്തിയിരുന്ന ആന്ധ്ര കരിമീനിനും തിരി
ച്ചടിയായി. ഏതായാലും കുറഞ്ഞ വിലയ്ക്ക് നല്ല നാടൻ കരിമീൻ കഴിക്കാൻ കഴിയുന്നെന്ന സന്തോഷത്തിലാണ് മീൻപ്രേമികൾ.
ടൂറിസം തകർച്ചയും
വില ഇടിച്ചു
ടൂറിസം മേഖലയിലെ തകർച്ചയാണ് ഉത്പാദനം കൂടിയിട്ടും കരിമീനിന്റെ വിലക്കുറവിനിടയാക്കിയത്. റിസോർട്ടുകളിലും ഹൗസ്‌ബോട്ടുകളിലുമാണ് കരിമീൻ വിഭവങ്ങൾ കൂടുതലായി വിറ്റിരുന്നത്. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവു വന്നെങ്കിലും റിസോർട്ടുകളും ഹൗസ് ബോട്ടുകളും പേരിന് മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. വില നോക്കാതെയാണ് ടൂറിസം മേഖലയിലേക്ക് കരിമീൻ വാങ്ങിയിരുന്നതെന്ന് സംരംഭകർ പറയുന്നു. അതിഥികളുടെ താത്പര്യം മാത്രമേ നോക്കാറുണ്ടായിരുന്നുള്ളൂ. കൊവിഡിന് മുമ്പ്, ഒരു ദിവസം 40 കിലോ കരിമീൻ വരെ വാങ്ങിയിരുന്ന ഹൗസ് ബോട്ടുടമകളുണ്ടായിരുന്നു. ഹൗസ് ബോട്ടുകൾ നിശ്ചലമായതോടെ കൊഞ്ച്, ചെമ്മീൻ എന്നിവയുടെ വിലയും മൂക്കുകുത്തി. ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും സമാനമാണ് സ്ഥിതി.
കരിമീൻ വില ഇന്നലെ
(വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ)
എ പ്ലസ് കരിമീൻ........₹ 450
എ സൈസ്.................₹ 350
ബി സൈസ്................₹ 300
'' ലഭ്യത കൂടിയതാണ് കരിമീനിന്റെ വിലക്കുറവിന് കാരണം. ഇനിയും വില ഇടിയാനാണ് സാഹചര്യം.
(സഹകരണസംഘം ഭാരവാഹികൾ,മുഹമ്മ)