
ആലപ്പുഴ : മലിനീകരണം സൃഷ്ടിക്കുന്നതും കാലപ്പഴക്കമേറിയതുമായ വാഹനങ്ങൾ പൊളിച്ചടുക്കാനുള്ള കേന്ദ്രനയത്തിൽ ആശങ്കയോടെ വാഹന ഉടമകൾ. തൊഴിലധിഷ്ഠിത ആവശ്യത്തിന് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് പുതിയ നിയമം കൂടുതൽ പാരയാവുക.
നന്നായി പരിപാലിക്കുന്ന പല വാഹനങ്ങളും 'ഫിറ്റാ'ണെന്നിരിക്കെ, കാലപ്പഴക്കത്തിന്റെ പേരിൽ മാത്രം അവ പൊളിക്കേണ്ടിവരുന്നത് പ്രയാസകരമാണെന്ന് വാഹന ഉടമകൾ പറയുന്നു. ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നയം സംബന്ധിച്ച് വ്യക്തതയില്ല. 15 വർഷത്തിലധികം പഴക്കമുള്ള, ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ ജനുവരി ഒന്നു മുതൽ നിരത്തിൽ ഇറക്കാൻ പാടില്ലെന്ന് സർക്കാർ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്തണമെങ്കിൽ ഡീസലിന് പകരം ഇലക്ട്രിക്കൽ എനർജി, എൽ.പി.ജി, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിൽ ഏതെങ്കിലും ഇന്ധനത്തിലേക്ക് മാറണമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായി തൊഴിലാളി സംഘടനകൾ സമരരംഗത്തെത്തിയതോടെ അഞ്ച് മാസത്തെ ഇളവ് അനുവദിച്ചു ഉത്തരവ് ലഭിച്ചു.
ഓർമ്മയാകും ഇഷ്ട വാഹനങ്ങൾ
സ്ക്രാപ്പ് പോളിസി പ്രഖ്യാപിച്ചതോടെ ആശങ്കയിലാകുന്നത് കേരളത്തിലെ വിന്റേജ് പ്രേമികളും റോയൽ എൻഫീൽഡ് വാഹന ഉടമകളുമാണ്. സ്വകാര്യവാഹനങ്ങൾ ഇരുപത് വർഷത്തിനു ശേഷം ഉപയോഗിക്കാൻ കഴിയില്ലെന്ന നിയമം ശക്തമായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇവരെയായിരിക്കും. ഇരുപതു വർഷത്തിനു ശേഷവും പൊന്നു പോലെ പരിപാലിച്ചു കൊണ്ടു നടക്കുന്ന വിന്റേജ് വാഹങ്ങൾ പിന്നെ കാഴ്ച്വസ്തുക്കളാക്കാൻ മാത്രമേ കഴിയുകയുള്ളൂ. അതിന് പ്രത്യേക ലൈസൻസും ആവശ്യമാണ്. കേരളത്തിൽ 20 വർഷത്തിലേറെ പഴക്കമുള്ള മുപ്പത്തഞ്ച് ലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ എഴുപതു ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങളാണ്. അതിൽ പ്രധാനം പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റുകളും യമഹ ആർ.എക്സ് 100 ബൈക്കുകളും യെസ്ഡി ബൈക്കുകളുമാണ്. രണ്ടാം സ്ഥാനത്ത് കാറുകളാണ്. 22 ശതമാനം. പഴയ മഹീന്ദ്ര ജീപ്പും മാരുതി 800ഉം വില്ലീസുമൊക്കെ ഇന്നും പരിപാലിച്ചു പോരുന്നവരുണ്ട്.
35 : കേരളത്തിൽ ഇരുപത് വർഷത്തിലേറെ പഴക്കമുള്ള മുപ്പത്തഞ്ച് ലക്ഷം വാഹനങ്ങളുണ്ട്
70 : ഇതിൽ എഴുപതു ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങൾ
ബഡ്ജറ്റിൽ കേട്ടറിഞ്ഞതല്ലാതെ പൊളിച്ചടുക്കൽ നയം സംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പുകളും ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ മാത്രമേ നയം സംബന്ധിച്ച് വ്യക്തത ലഭിക്കൂ
- മോട്ടോർ വാഹന വകുപ്പ്
ഓരോ ദിവസവും ഓടി അന്നന്നത്തെ വക കണ്ടെത്തുന്നവരാണ് ഭൂരിഭാഗം ഡ്രൈവർമാരും. കൊവിഡ് കാലത്ത് ഓട്ടം തീരെ കുറവാണ്. പഴയ വാഹനം മാറ്റി ലക്ഷങ്ങൾ മുടക്കി പുതിയത് വാങ്ങുന്നത് സാധാരണക്കാരനെ കൂടുതൽ പ്രതിസന്ധിയിലാക്കും
- ഭദ്രൻ, ഓട്ടോ ഡ്രൈവർ
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര ബഡ്ജറ്റിലെ നിർദേശവും ഇന്ധനവിലയിൽ ദിനംപ്രതിയുള്ള വർദ്ധനവും യാത്ര, ചരക്ക് കടത്ത് മേഖലയെ തകർത്ത് ഈ രംഗത്തേക്ക് സ്വകാര്യ കുത്തകകൾക്ക് കടന്നുവരാനുള്ള ഉപപാത സൃഷ്ടിക്കും
- കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ