
ആലപ്പുഴ : രാവിലെ ഒരു വില. ഉച്ചയ്ക്ക് വേറൊരു വില ! റേഷൻ കടകളിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ കാര്യമാണിത്. ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ അടികൂടാൻ ഇതിൽപ്പരം വേറൊന്നു വേണോ. മാത്രമല്ല, മുൻഗണന വിഭാഗത്തിന് മാത്രമേ ഈ മാസം മണ്ണെണ്ണയുള്ളൂ. പൊതുവിഭാഗം എത്തിയാൽ വെറുംകൈയോടെ മടങ്ങേണ്ടി വരും. അവരും അരിശം തീർക്കുക കടക്കാരോടാണ്. മൊത്തത്തിൽ തങ്ങളുടെ സമയം ശരിയല്ലെന്നാണ് റേഷൻ കടക്കാരുടെ പക്ഷം.
റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് രണ്ടാഴ്ചക്കിടെ ലിറ്ററിന് മൂന്ന് രൂപയാണ് വില ഉയർന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവും വില വ്യത്യാസമുണ്ടാകുന്നുണ്ട്. റേഷൻ മണ്ണെണ്ണയ്ക്ക് കേന്ദ്രസർക്കാർ സബ്സിഡി അനുവദിക്കാത്തതിനാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില അനുസരിച്ചാണ് വിലവർദ്ധന. ഇൗ വർദ്ധന അതേപടി സിവിൽ സപ്ലൈസ് വകുപ്പ് മാറ്റം വരുത്തുന്നതിനാലാണ് ഒരു ദിവസം രണ്ട് വിലയിൽ റേഷൻ വ്യാപാരികൾ കച്ചവടം നടത്തേണ്ടി വരുന്നത്. എന്നാൽ ഉപഭോക്താക്കൾ ഇത് മനസിലാക്കാത്തതിനാൽ പല റേഷൻകടകളിലും വാക്കുതർക്കം വാക്കുതർക്കം പതിവായി. മണ്ണെണ്ണയുടെ വാതിൽപ്പടി വിതരണമില്ലാത്തതിനാൽ റേഷൻ കട ലൈസൻസികൾ താലൂക്ക് ഡിപ്പോയിൽ നേരിട്ടു പോയി സ്റ്റോക്കെടുക്കണം. നഷ്ടം സഹിച്ചാണ് മണ്ണെണ്ണ വിൽക്കുന്നതെന്നും കടയിൽ ഇരിക്കുന്ന സ്റ്റോക്കിന് കൂടിയ വില അടയ്ക്കാൻ നിർബന്ധിതരാവുകയാണെന്നും ഉടമകൾ പറയുന്നു.
മണ്ണെണ്ണ വിതരണം
വൈദ്യുതീകരിച്ച വീടുള്ള കാർഡ് ഉടമകൾക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടിന് നാല് ലിറ്ററും മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. ഇൗ മാസം നീല,വെള്ള കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണല്ല.
മണ്ണെണ്ണ വില ഇന്നലെ (ലിറ്ററിന്)......₹ 37
ജനുവരിയിൽ ലിറ്ററിന് 34 രൂപ ആയിരുന്നത് ഫെബ്രുവരിയിൽ 37 ആയി.
 ഒറ്റയടിക്ക് ഇത്രയും വർദ്ധന ചരിത്രത്തിലാദ്യം.
'' സാധാരണക്കാരുടെ ആശ്രയമായ പൊതുവിതരണ സമ്പ്രദായം സംരക്ഷിക്കുന്ന നടപടി അടിയന്തരമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.
(എൻ.ഷിജീർ,കെ.എസ്.ആർ.ആർ.ഡി.എ ഓർഗനൈസിംഗ് സെക്രട്ടറി)