
കുമളി,മൂന്നാർ ട്രിപ്പുകൾക്ക് തിരക്കേറുന്നു
ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് പ്രിയമേറുന്നു. മൂന്നാർ, കുമളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഉത്തരേന്ത്യൻ സഞ്ചാരികളടക്കം നിരവധി പേർ ആശ്രയിക്കുന്നത്.
ആലപ്പുഴയിൽ നിന്ന് മൂന്നാറിന് ഒരാൾക്ക് 194 രൂപയും തിരിച്ച് 191 രൂപയുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പോക്കറ്റിനിണങ്ങുന്ന നിരക്കായതിനാൽ നിരവധി പേരാണ് സീറ്റ് ബുക്ക് ചെയ്ത് യാത്ര നടത്തുന്നത്. കൊവിഡിന് മുമ്പ് വിദേശികളടക്കം ഈ സർവീസിനെ ആശ്രയിച്ചിരിരുന്നു. ഇപ്പോൾ ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്കെത്തുന്ന ഉത്തരേന്ത്യക്കാരും ട്രിപ്പിന്റെ ഭാഗമാകുന്നുണ്ട്. ആറ് മണിക്കൂർ നീളുന്ന യാത്ര വേണാട് ബസിലാണ് . ലിമിറ്റഡ് സ്റ്റോപ്പാണ് സർവീസ്. കിഴക്കൻ മലയോര മേഖലകളായ കുമളി, കട്ടപ്പന ട്രിപ്പുകൾക്കാണ് മൂന്നാറിന് പുറമേ, വിനോദസഞ്ചാരികൾക്കിടയിൽ ഡിമാൻഡുള്ളത്. തേക്കടി ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളാണ് കുമളി ബസിനെ ആശ്രയിക്കുന്നവരിൽ ഏറെയും. കെ.എസ്.ആർ.ടി.സി യാത്രയ്ക്കടക്കമുള്ള നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്.
തളരാതെ 'ബോണ്ട്'
സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസ് ശക്തമായി മുന്നേറുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ട്രാവൽ കാർഡ് റീചാർജ് ചെയ്താണ് യാത്ര. യാത്രക്കാർക്ക് സീറ്റ് ഉറപ്പാക്കാനും, അവരവരുടെ ഓഫീസിന് മുന്നിൽ ഇറങ്ങാനുമുള്ള സൗകര്യമാണ് ബോണ്ട് സർവീസ് നൽകുന്നത്. 5, 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൊവിഡ് കാലത്ത് ഇടിവുണ്ടായെങ്കിലും, വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾക്ക് ഇപ്പോൾ തിരക്ക് വർദ്ധിച്ചു. ചുരുങ്ങിയ നിരക്കിൽ ഇഷ്ട കേന്ദ്രത്തിൽ എത്തിച്ചേരാമെന്നതാണ് മേന്മ. മലയാളികളെക്കാളുപരി ഉത്തരേന്ത്യൻ സഞ്ചാരികളാണ് മൂന്നാർ സർവീസിനെ ആശ്രയിക്കുന്നത്
- അശോക് കുമാർ, ഡി.ടി.ഒ