s

സ്നേഹജാലകം അടുത്ത മാസം മൂന്നാം വർഷം കടക്കും

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ ജനകീയ ഭക്ഷണശാലയായ പാതിരപ്പള്ളിയിലെ 'സ്നേഹജാലകം' ഭക്ഷണശാല അടുത്തമാസം നാലാം വയസിലേക്ക്. ഭക്ഷണം കഴിച്ച ശേഷം ഇഷ്ടമുള്ള തുക ചാരിറ്റി ബോക്സിൽ നിക്ഷേപിച്ച് മടങ്ങാമെന്നതാണ് സ്നേഹജാലകത്തിന്റെ പ്രത്യേകത. ഇതു മാതൃകയാക്കിയാണ് 25 രൂപയ്ക്ക് ഊണ് നൽകുന്ന കുടുംബശ്രീ ഭക്ഷണശാലകൾ മന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്.

സ്‌നേഹജാലകത്തിൽ കാഷ്യറോ, ബില്ലോ ഇല്ല. ഓരോരുത്തർക്കും അവരവരുടെ ശേഷിക്കൊത്ത വിധം ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിക്കാം. കൊവിഡിന് മുമ്പ് പ്രതിദിനം 700 പേർക്കാണ് മീൻകറിയോടുകൂടിയ ഉച്ചഭക്ഷണം നൽകിയിരുന്നത്. മൂന്ന് നേരത്തെ ഭക്ഷണത്തിന് കുറഞ്ഞത് 100 രൂപ നിരക്കിട്ടാൽ പ്രതിദിനം 30,000 രൂപയുടെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചാരിറ്റി ബോക്‌സിൽ നിന്ന് ശരാശരി 10,000 രൂപയിൽ താഴെയാണ് പ്രതിദിനം ലഭിക്കുന്ന വരുമാനം! 2018 മാർച്ച് 3ന് പാതിരപ്പള്ളിയിൽ ദേശീയപാതയോരത്താണ് ജനകീയ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചത്. 6.67 ലക്ഷം ഊണുകളാണ് ഇത്രയും നാളിനുള്ളിൽ തികച്ചും സൗജന്യമായി ഇവിടെ വിളമ്പിയത്. കൊവിഡ് കാലത്ത് മാത്രം 1.56 ലക്ഷം ഊണ് വിതരണം ചെയ്തു. കൊവിഡിന് മുമ്പുള്ള രണ്ട് വർഷം ആകെ വിതരണം ചെയ്തത് 5.11 ലക്ഷം ഊണാണ്.

കൊവിഡ് വ്യാപകമായതോടെ താഴ് വീഴാതിരിക്കാൻ പൊതിച്ചോറാക്കി. പഞ്ചായത്തുകൾ നടത്തിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റുകളിലും വീടുകളിലും നിരീക്ഷണത്തിൽ ഉള്ളവർക്ക് മൂന്ന് നേരവും ഭക്ഷണമെത്തിക്കുന്നുണ്ട്. വിവാഹം, ജന്മദിനങ്ങൾ, സ്മരണ ദിനങ്ങൾ എന്നിവയ്ക്ക് സ്നേഹജാലകം ഭക്ഷണ ശാലയിൽ സ്പോൺസർഷിപ്പ് ഇല്ലാതായതോടെ കാറ്ററിംഗ് സർവീസിലൂടെ ലഭിച്ചിരുന്ന വരുമാനം ഇടിഞ്ഞു.

 ആശയമിട്ടത് ഐസക്

2017 ജനുവരി 29ന് നടന്ന സ്നേഹജാലകത്തിന്റെ ഏഴാമത് വർഷിക സമ്മേളനത്തിൽ മന്ത്രി തോമസ് ഐസക്കാണ് പണമിടപാടില്ലാത്ത ഭക്ഷണശാലയെന്ന ആശയം മുന്നോട്ടുവച്ചത്. അടുത്ത ദിവസം മുതൽ സ്നേഹജാലകത്തിലെ ഒരംഗത്തിന്റെ വീട്ടിൽ ഭക്ഷണം പാചകം ചെയ്ത് തീരെ പാവപ്പെട്ട ഏഴ് കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീടുകളിലെത്തിച്ചായിരുന്നു ആദ്യ ചുവടുവയ്പ്. ആവശ്യക്കാരുടെ എണ്ണം കൂടി വന്നതോടെ പൊതുഭക്ഷണശാല എന്ന ആശയം ഉയർന്നു. 2018ൽ തോമസ് ഐസക്കിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റീം കിച്ചണും വിപുലവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണ സംവിധാനവും ഒരുക്കി ജനകീയ ഭക്ഷണശാല പാതിരപ്പള്ളിയിൽ ആരംഭിച്ചു. ജയൻ തോമസ് പ്രസിഡന്റും സജിത്ത് രാജ് സെക്രട്ടറിയുമായ സ്നേഹജാലകം കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.എം.ഷാജിയാണ് ഭക്ഷണശാലയുടെ നടത്തിപ്പിനായുള്ള സബ് കമ്മിറ്റി കൺവീനർ.

....................................

# കൊവിഡ് കാലത്തെ ഉൗണിന്റെ എണ്ണവും ലഭിച്ച തുകയും

 മാർച്ച് മുതൽ മേയ് വരെ (ദിനംപ്രതി-300): 36,000

 ഒക്ടോബർ മുതൽ സെപ്തംബർ വരെ (ദിവസം-600): 72,000

 ഒക്ടോബർ മുതൽ ജനുവരി വരെ (ദിവസം-300): 48,000

 ആകെ ഊണ്: 1.56 ലക്ഷം

 ആകെ ലഭിച്ച തുക: 1.28 കോടി

 ചെലവായ തുക: 1.44 കോടി

(പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ചാരിറ്റി ബോക്സ്)

നഷ്ടം:16 ലക്ഷം

....................................

# വിഭവങ്ങൾ

 രാവിലെ: ഉപ്പുമാവ്,പഴം

 ഉച്ചയ്ക്ക്: മീൻകറിയോടു കൂടിയ ഊണ് 700 പേർക്ക്

 വൈകിട്ട്: ചപ്പാത്തി, കിഴങ്ങുകറി, ചായ

.........................