s

ഇന്ധനവില വർദ്ധനയിൽ അട‌ിതെറ്റി ഓട്ടോ, ടാക്സി മേഖല

ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ വലയുന്നതിനിടെ ദിനംപ്രതി ഇന്ധനവില വർദ്ധിക്കുന്നത് ഓട്ടോ, ടാക്സി മേഖലയിൽ ഇടിത്തീയാവുന്നു. വല്ലപ്പോഴും കിട്ടുന്ന ഓട്ടത്തിന്റെ വരുമാനം ഇന്ധനം നിറയ്ക്കാൻ പോലും തികയുന്നില്ലെന്നാണ് ഉടമകളുടെയും തൊഴിലാളികളുടെയും പരാതി.

ജില്ലയിൽ 20000ലേറെ പേരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ ഓട്ടോ-ടാക്‌സി തൊഴിലാളികൾ ഏറെ ദുരിതത്തിലായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും ഓട്ടം കിട്ടാതെ നട്ടം തിരിയുന്നതിനിടെയാണ് ഇന്ധനവില അടിക്കടി കയറിത്തുടങ്ങിയത്.

ദിവസേന 800 രൂപയുടെ വരെ ഓട്ടം കിട്ടിയിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇപ്പോൾ കിട്ടുന്ന തുച്ഛമായ വരുമാനം ഇന്ധനം നിറയ്ക്കാൻ പോലും തികയുന്നില്ല. വൈകുവോളം ഓടിയാൽ പോലും ശരാശരി 200 രൂപയാണ് കിട്ടുന്നതെന്ന് ആലപ്പുഴ നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഭൂരിഭാഗം പേരും വായ്പ എടുത്താണ് വാഹനം വാങ്ങിയത്. വരുമാനം കുറഞ്ഞതോടെ വായ്പ തിരിച്ചടവും മുടങ്ങി.

മത്സ്യമേഖലയിലും കുഴപ്പം

തുടർച്ചയായുള്ള ഇന്ധന വില വർദ്ധന മൂലം മത്സ്യമേഖല തകർച്ചയിലാണ്. ഡീസൽ വിലയ്ക്കൊപ്പം മണ്ണെണ്ണ വിലയും ഉയർന്നത് മത്സ്യബന്ധന ബോട്ടുകൾക്ക് അമിത ഭാരമായി. ഡീസൽ വില ലിറ്ററിന് 60 ൽ നിന്നു 80 രൂപയിൽ കൂടുതൽ ആയതോടെ ദിവസം 10,000 രൂപയുടെ അധികച്ചെലവാണ് മത്സ്യബന്ധന ബോട്ടുകൾക്ക് ഉണ്ടായത്. ഒരു ബോട്ടിന് ദിവസം ശരാശരി 500 ലിറ്റർ ഇന്ധനം വേണ്ടി വരും. മാസം ഇന്ധന വില വർദ്ധന ഇനത്തിൽ മാത്രം 2.06 ലക്ഷം രൂപയാണ് അധികമായി ചെലവാകുന്നത്. ഡീസൽ വില ഉയർന്നതിനു പുറമേ മത്സ്യ ലഭ്യതയുടെ കുറവും ബോട്ടുകളെ ബാധിച്ചു.

.............................

കൊവിഡിലെ കഷ്ടകാലം ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഇന്ധനവില ദിനംപ്രതി ഉയരുന്നത്. ഇങ്ങനെ പോയാൽ വണ്ടി സി.സിക്കാർ കൊണ്ടുപോകുന്ന അവസ്ഥയുണ്ടാവും

(ഷാജി, ഓട്ടോ ഡ്രൈവർ, തത്തംപള്ളി സ്റ്റാൻഡ്)