
ആലപ്പുഴ : ''ഐ ആം സുഭാഷിണി, സെവന്റി ഇയേഴ്സ് ഓൾഡ്.'' എഴുപതാം വയസിൽ ആത്മവിശ്വാസത്തോടെ ഇങ്ങനെ ഇംഗ്ളീഷ് സംസാരിക്കാൻ സുഭാഷിണി പഠിച്ചത് സ്മാർട്ട്ഫോണിന്റെ സഹായത്തോടെയാണ്. സാക്ഷരതാമിഷന്റെ അഞ്ച് മാസത്തെ ഗുഡ് ഇംഗ്ളീഷ് കോഴ്സ് പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ് ഈ മിടുമിടുക്കി മുത്തശ്ശി. കൊവിഡിനെത്തുടർന്ന് ഓൺലൈനിലായിരുന്നു പഠനം. സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പഠിപ്പിച്ചതാകട്ടെ കൊച്ചുമകൾ എട്ടാം ക്ലാസുകാരി കൃഷ്ണപ്രിയയും. അത്യാവശ്യം എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെ സുഭാഷിണി പഠിച്ചു. വാട്സ് ആപ്പിലൂടെയായിരുന്നു ക്ളാസ്. മരുമകളുടെ ഫോണാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇപ്പോൾ സഹപാഠികളോട് ഇംഗ്ളീഷിൽ ചാറ്റ് ചെയ്യാൻ പോലും മുത്തശ്ശിക്കറിയാമെന്ന് കൃഷ്ണപ്രിയ പറയുന്നു.
സുഭാഷിണി മികച്ച വിജയം നേടുമെന്ന് സാക്ഷരതാ പ്രേരക് വത്സലാ ഭായിക്ക് ഉറപ്പുണ്ട്. ജില്ലയിലെ പ്രായം കൂടിയ പരീക്ഷാർത്ഥി കൂടിയായിരുന്നു ഈ മുത്തശ്ശി.
പട്ടാളക്കാരനായിരുന്ന അച്ഛൻ ഗോപാലൻ മരിച്ചതോടെയാണ് സുഭാഷിണിക്ക് ഏഴാം ക്ളാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നത്. പിന്നീട് കുടുംബ പ്രാരാബ്ദങ്ങൾക്കിടെ പഠിക്കാനുമായില്ല. കുടുംബശ്രീയുടെയും തൊഴിലുറപ്പിന്റെയും ഭാഗമായി പലരോടും ഇടപെടാൻ തുടങ്ങിയപ്പോഴാണ് തുല്യതാപരീക്ഷയെപ്പറ്റി കേട്ടത്.
അങ്ങനെ 2016ൽ എസ്.എസ്.എൽ.സി തുല്യതാ കോഴ്സിന് ചേർന്നു.2018 -19 ൽ പ്ലസ് ടു ഹ്യൂമാനിറ്റീസും വിജയിച്ചു. ഭർത്താവ് ഗോപാലനും മക്കളും മരുമക്കളും എല്ലാത്തിനും പിന്തുണ നൽകിയെന്ന് സുഭാഷിണി പറയുന്നു. പഠനത്തോടൊപ്പം സ്വന്തം കയർ തറിയിലെ ജോലികളും ചെയ്യുന്നുണ്ട്. നല്ലൊരു കൃഷിക്കാരികൂടിയാണ്. 2013ൽ മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള മാസ്റ്റർ കർഷക പുരസ്കാരം ലഭിച്ചിരുന്നു.
വളർന്നത് കേരളകൗമുദി വായിച്ച്
കുട്ടിക്കാലത്ത് പഠനം മുടങ്ങിയെങ്കിലും പത്രവായന തുടർന്നു. കേരളകൗമുദിയാണ് ആദ്യം മുതൽ വായിക്കുന്നത്. ഇപ്പോഴും അതിന് മുടക്കമില്ല. പത്രവായന തന്നെ അക്ഷരങ്ങളോട് കൂടുതൽ അടുപ്പിച്ചതായി സുഭാഷിണി പറയുന്നു. 2018ൽ തുല്യതാ പഠിതാക്കൾക്ക് വായനാവാരാചരണത്തിന്റെ ഭാഗമായി നടത്തിയ കവിതാരചനയിൽ സുഭാഷിണി എഴുതിയ 'അറിവിന്റെ യാത്ര' ഒന്നാം സ്ഥാനം നേടി.
ഇനിയും പഠിക്കാൻ ആഗ്രഹമുണ്ട്.ഗുഡ് ഇംഗ്ലീഷിന്റെ ഫലം ലഭിച്ചാലുടൻ ഹിന്ദി കോഴ്സിന് ചേരും. സാക്ഷരതാ മിഷൻ ഡിഗ്രി ക്ലാസുകൾ ആരംഭിച്ചാൽ അതിലും ചേരണം.
- സുഭാഷിണി