
രാത്രികാല മന്ത് രോഗ നിർണയ ക്യാമ്പുകൾ നിറുത്തി
ആലപ്പുഴ : കൊവിഡിനെത്തുടർന്ന് രാത്രികാല മന്ത് രോഗ നിർണയ ക്യാമ്പുകൾ നിറുത്തിയതോടെ, രോഗം കണ്ടെത്താനുള്ള പ്രധാനവഴിയടഞ്ഞു. കൊവിഡ് പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഓരോ പ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത് രോഗ നിർണയ ക്യാംപുകൾ വർഷാവർഷം നടത്തിയിരുന്നു. ഇത്തരം ക്യാംപുകളിൽ നിന്നാണ് ലക്ഷണമില്ലാത്ത രോഗികളെ കണ്ടെത്തിയിരുന്നത്.
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ വർഷങ്ങൾക്ക് ശേഷമാണ് ലക്ഷണം കാണിച്ച് തുടങ്ങുക. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ആലപ്പുഴ ജില്ലയിലാണ്. പ്രത്യേകിച്ചും ആലപ്പുഴ നഗരം, ചേർത്തല മേഖലകളിൽ. ഏതാനും വർങ്ങളായി പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നതാണ് ആശ്വാസം. എന്നിരുന്നാലും പരിശോധന മുടക്കാനാവില്ല. ആലപ്പുഴ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് എല്ലാ ദിവസവും രാത്രികാല മന്ത് രോഗ നിർണയ പരിശോധന നടത്തുന്നുണ്ട്. ലക്ഷണങ്ങളുള്ളവരാണ് പരിശോധനയ്ക്ക് എത്തുന്നത്. മൈക്രോ ഫൈലേറിയ വിരകൾ ഉള്ളിലുള്ള രോഗികൾക്ക് മരുന്ന് നൽകി ബാക്ടീരിയയെ നശിപ്പിക്കുക, ലക്ഷണങ്ങളുള്ള രോഗികൾക്ക് മികച്ച ശുശ്രൂഷ നൽകുക എന്നിവയാണ് നിലവിൽ ചെയ്തു വരുന്നത്. മുൻപ് രാത്രികാല രക്ത പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചാൽ ഒരു ക്യാമ്പിൽ തന്നെ പത്തിലധികം രോഗികളെ കണ്ടെത്തുമായിരുന്നു. 2013-14 കാലഘട്ടമായതോടെ ക്യാമ്പുകളിൽ രോഗികളില്ലാതായി. കൊവിഡ് വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമാണ് രാത്രികാല ക്യാമ്പുകൾ താത്കാലികമായി നിറുത്തിവച്ചത്. ഫൈലേറിയ രോഗികളുടെ പ്രധാന പ്രതിസന്ധിയാണ് കാലിലെ നീരും തുടർച്ചയായുണ്ടാക്കുന്ന പനിയും. നീര് കുറയാനുള്ള മരുന്ന് കണ്ടെത്തുന്നതിനുള്ള പഠനം ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫൈലേറിയ ഗവേഷണ വിഭാഗത്തിൽ പുരോഗമിക്കുന്നുണ്ട്.
ഇന്ത്യയിൽ രോഗികൾ
2000ൽ : 120 ദശലക്ഷം
2019ൽ : 52.8 ദശലക്ഷം
രോഗ ശരാശരി കുറഞ്ഞു
ലോകത്ത് 72 രാജ്യങ്ങളിലാണ് മന്തു രോഗം നിലവിലുള്ളത്. മുൻപ് 83 ആയിരുന്നു രാജ്യങ്ങളുടെ എണ്ണം. ആകെ രോഗികളിൽ 40 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്ക്. 2000ൽ മന്തുരോഗ നിർമാർജന പരിപാടി ആരംഭിച്ചതോടെ 2019 എത്തിയപ്പോഴേക്കും രോഗികളുടെ എണ്ണം 120 ദശലക്ഷത്തിൽ നിന്ന് 52.8 ദശലക്ഷത്തിലെത്തി.
രാത്രി പരിശോധന
രാതി ഒൻപതിനും വെളുപ്പിന് മൂന്നു മണിക്കും ഇടയിൽ രക്തം ശേഖരിച്ചു ലബോറട്ടറിയിൽ പരിശോധിച്ചാണ് മൈക്രോ ഫൈലേറിയ ഉള്ളവരെ കണ്ടെത്തുന്നത്. തുടക്കത്തിൽ ബാഹ്യ ലക്ഷണങ്ങൾ ഒന്നുംതന്നെ കാണാറില്ല. ഈ അവസ്ഥയിൽ, രാത്രി രക്ത പരിശോധന നടത്തി കുഞ്ഞു വിരകളെ കണ്ടെത്തുന്നതിലൂടെ മാത്രമാണ് ഇവരിൽ രോഗ നിർണയം സാദ്ധ്യമാകുന്നത്. ഇങ്ങനെ ഉള്ളവരിൽ നിന്നാണ് കൊതുകുകൾ രോഗം പരത്തുന്നത്.
ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും രാത്രികാല പരിശോധന നടക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് ക്യംപുകൾ വഴിയുള്ള രോഗ നിർണയം നിർത്തിവച്ചത്.
- ഡെപ്യൂട്ടി ഡി.എം.ഒ, ആലപ്പുഴ