
ആലപ്പുഴ : സർക്കാർ വക അതിഥി മന്ദിരങ്ങൾക്ക് പുതിയ മുഖം നൽകി പൊതുമരാമത്ത് വകുപ്പിന്റെ മൂന്ന് റെസ്റ്റ് ഹൗസുകൾ 11,13 തീയതികളിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ, കരുമാടി, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റെസ്റ്റ് ഹൗസുകൾ.
കാലപ്പഴക്കം ചെന്ന എല്ലാ റെസ്റ്റ് ഹൗസുകളും നവീകരിച്ച് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇവയുടെ നിർമ്മാണം. കായംകുളത്തേയും മാവേലിക്കരയിലേയും വിശ്രമ മന്ദിരങ്ങൾ നേരത്തേ നവീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. ജില്ലയിൽ മാത്രം 5 വിശ്രമ മന്ദിരങ്ങളാണ് നവീകരിച്ചത്. ഹരിപ്പാട്,ചേർത്തല റെസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനും കുട്ടനാട്, നൂറനാട് എന്നിവിടങ്ങളിൽ പുതിയ റെസ്റ്റ് ഹൗസുകൾ നിർമ്മിക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്താകെ 155 റെസ്റ്റ് ഹൗസുകളാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ മന്ത്രി ജി.സുധാകരന്റെ പ്രത്യേക നിർദ്ദേശ പ്രകാരം വിശ്രമ മന്ദിരങ്ങളിലെ ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കുകയും നടത്തിപ്പിന് കർശന നടപടി ക്രമങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിരുന്നു. കൂടുതൽ ആളുകളെ വിശ്രമ മന്ദിരങ്ങളിലേക്ക് ആശ്രയിച്ച് വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ചെലവ്
ആലപ്പുഴ റെസ്റ്റ് ഹൗസ് : 7 കോടി
കരുമാടി റെസ്റ്റ് ഹൗസ് : 3.44 കോടി
ചെങ്ങന്നൂർ റെസ്റ്റ് ഹൗസ് : 2.5 കോടി
ചരിത്രമുറങ്ങുന്ന മുസാവരി ബംഗ്ലാവിന് സമീപം
ആലപ്പുഴ ബീച്ചിന് സമീപത്തായാണ് ജില്ലാ വിശ്രമ മന്ദിരം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെത്തുന്ന വിനോദ ഭഞ്ചാരികളുൾപ്പെടെയുള്ളവർക്ക് ഇത് ഉപകാരപ്പെടും. മഹാത്മാഗാന്ധി വിശ്രമിച്ച മുസാവരി ബംഗ്ലാവിന്റെ സമീപത്താണ് കരുമാടി വിശ്രമ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ മഹാത്മാ ഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിക്കണമെന്നും ചീഫ് എൻജിനീയർക്ക് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകിയിട്ടുണ്ട്.