s

ആലപ്പുഴ : മലപ്പുറത്ത് സ്‌കൂളിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിന് കളക്ടർ എ.അലക്‌സാണ്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം നടത്തി. ജില്ലയിലെ സ്‌കൂളുകളിൽ കൊവിഡ് വ്യാപന സാഹചര്യം ഇല്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി 15 മുതൽ ഒരാഴ്ചത്തേക്ക് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ആർ.ടി.പി.സി.ആർ റാൻഡം പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. നാലു വിദ്യാഭ്യാസ ജില്ലകളിലായി എട്ട് മൊബൈൽ യൂണിറ്റുകൾ രൂപീകരിച്ചു. പരിശോധന നടത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.എം.ഒയ്ക്ക് നൽകണം. കഴിഞ്ഞദിവസം ജില്ലാ സർവൈലൻസ് ഓഫീസർ സ്‌കൂളുകളിൽ പരിശോധന നടത്തിയതിൽ ഡെസ്‌ക്, ബെഞ്ച് എന്നിവ സാനിറ്റൈസ് നടത്തുന്നില്ലന്ന് കണ്ടെത്തി. ജീവനക്കാരുടെ അഭാവം വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിന് ഡെസ്‌ക്, ബഞ്ച് എന്നിവ അണുവിമുക്തമാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്താൻ കളക്ടർ നിർദ്ദേശിച്ചു.

കുട്ടികളിൽ കൊവിഡ് നിയന്ത്രണ അബോധം ഉണ്ടാക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കും. കൊവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി പോസ്റ്ററും ബാനറും പ്രദർശിപ്പിക്കാനും കളക്ടർ നിർദ്ദേശിച്ചു.

 ആർ.ടി.പി.സി.ആർ പരിശോധന കൂട്ടും

കൊവിഡ് പരിശോധനയ്ക്കായുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ എണ്ണം കൂട്ടാൻ കളക്ടർ എ.അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ദിവസം 2500 ടെസ്റ്റുകൾ നടത്താനാണ് ലക്ഷ്യം. നിലവിൽ ജില്ലയിലെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും, ഫാമിലി ഹെൽത്ത് സെന്ററുകളിലും, സാമ്പിളുകൾ ശേഖരിക്കുന്നുണ്ട് .